ശ്രീനാരായണ പ്രസ്ഥാനം നയിക്കുന്നവര്‍ സംഘപരിവാറിനെ മച്ചമ്പിമാരാക്കിയെന്ന് വി.എസ്.

Posted on: 10 Sep 2015തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ അപഹസിക്കുന്ന തരത്തില്‍ ജാതിമതനേതൃത്വവും സംഘപരിവാര്‍ ശക്തികളും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സങ്കുചിതമായ ജാതിതാല്‍പര്യത്തിന്റെ ഇത്തിരിവട്ടത്തിലേക്ക് ഗുരുവിനെ ചുരുക്കിക്കൊണ്ടുവരികയാണിവര്‍. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയപ്പോള്‍ ശ്രീനാരായണഗുരുവിന് നേരെ വാളോങ്ങിയവരുടെ പിന്‍മുറക്കാരാണ് സംഘപരിവാര്‍ ശക്തികള്‍. ആ ശക്തികളെ ഇപ്പോള്‍ ശ്രീനാരായണ പ്രസ്ഥാനം നയിക്കുന്നവര്‍ മച്ചമ്പിമാരാക്കി കൂടെ കൂട്ടിയിരിക്കുകയാണെന്നും വി.എസ്. പറഞ്ഞു.
തിരുവനന്തപുരം പട്ടം പൊട്ടക്കുഴിയിലെ നഗരസഭയുടെ പാര്‍ക്കില്‍ എ.കെ.ജി.യുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ജാതിമതനേതാക്കളും ജാതിസംഘടനകളുടെ വരേണ്യവര്‍ഗ നേതൃത്വവും സംഘപരിവാറിന്റെ ഗൂഡനീക്കങ്ങള്‍ക്ക് കുടപിടിക്കുകയാണ്. ശ്രീനാരായണഗുരു പ്രതിമയുടെ കൈവെട്ടിയിട്ടും പ്രതികരിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയാത്തത് ഈ മനോഭാവം കൊണ്ടാണ്. കേരളത്തെ മോശം കാലഘട്ടത്തില്‍ നിന്ന് മതനിരപേക്ഷതയുടേയും ജാതിസമത്വത്തിന്റേയും നല്ലകാലത്തിലെത്തിച്ചത് ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും മുതല്‍ എ.കെ.ജി.യും ഇ.എം.എസും വരെയുള്ള വ്യക്തികളുടെ ആജീവനാന്ത പോരാട്ടങ്ങളിലൂടെയാണ്- വി.എസ്. പറഞ്ഞു.
ശില്പി ഉണ്ണി കാനായിയെ വി.എസ്. പൊന്നാട അണിയിച്ചു. മേയര്‍ കെ. ചന്ദ്രിക അധ്യക്ഷയായി. ടി.എന്‍. സീമ എം.പി. ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. വി. ശിവന്‍കുട്ടി എം.എല്‍.എ, മുന്‍മന്ത്രി എം.വിജയകുമാര്‍, മുന്‍.എം.പി. എം.പി. അച്യുതന്‍, സി.പി.എം. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. പദ്മകുമാര്‍, ഷാജിത നാസര്‍, പുഷ്പലത, വനജ രാജേന്ദ്രബാബു, കെ.എസ്. ഷീല, മുരുകേശന്‍, പിരപ്പന്‍കോട് മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.


More Citizen News - Thiruvananthapuram