പാലംതുറന്നു; ഇനി ശുഭയാത്ര

Posted on: 10 Sep 2015
ചിറയിന്‍കീഴ്:
ഉത്സവാന്തരീക്ഷത്തില്‍ പെരുമാതുറ- താഴംപള്ളി പാലത്തിന്റെ ഉദ്ഘാടനം. തിങ്ങിനിറഞ്ഞ തീരദേശവാസികളെയും ജനപ്രതിനിധികളെയും സാക്ഷികളാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പാലം നാടിനായി തുറന്നത്. മുഖ്യമന്ത്രിയും തുറമുഖവകുപ്പ് മന്ത്രി കെ.ബാബുവും പാലത്തിലെ കന്നിയാത്രക്കാരായപ്പോള്‍ തീരവാസികളും ആവേശത്തിന്റെ പാലം കയറി.
പെരുമാതുറ-താഴംപള്ളിപാലം തീരദേശത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ വലിയ നേട്ടങ്ങള്‍ പാലം കൊണ്ടുവരും. മുതലപ്പൊഴി തുറമുഖത്തിന്റെ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കും. പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ ചിറയിന്‍കീഴിലെ ജനപ്രതിനിധികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മുന്‍ എം.എല്‍.എ. മാരായ ശരത്ചന്ദ്രപ്രസാദ്, ആനത്തലവട്ടം ആനന്ദന്‍ ഇപ്പോഴത്തെ എം.എല്‍.എ. വി. ശശി എന്നിവര്‍ ഓരോ കാലഘട്ടത്തിലും പാലത്തിനായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് സഫലമായിരിക്കുന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കുമെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.ബാബു പറഞ്ഞു.
പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വി.ശശി എം.എല്‍.എ. ചൂണ്ടിക്കാട്ടി. പാലം തീരദേശത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പതിന്മടങ്ങ് വേഗം കൂട്ടുമെന്ന് വര്‍ക്കല കഹാര്‍എം.എല്‍.എ. പറഞ്ഞു.
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് നബാര്‍ഡ് സഹായത്തോടെ 21.17 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിര്‍മാണം നടത്തിയത്. പാലത്തിന്റെ കരാറുകാരനായ കലഞ്ഞൂര്‍ മധുവിന് തുറമുഖവകുപ്പിന്റെ ഉപഹാരം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.


More Citizen News - Thiruvananthapuram