ഇത് സാധ്യതകളുടെ പാലം

Posted on: 10 Sep 2015ചിറയിന്‍കീഴ്: ദേശീയ പാത വഴിയല്ലാതെ കുരുക്കില്ലാതെ കൊല്ലം മുതല്‍ കോവളത്തേക്ക് കായല്‍ ഭംഗി കണ്ട് കടല്‍ കാഴ്ചയറിഞ്ഞ് ഒരു സുഖയാത്ര. തുറമുഖങ്ങളെ ബന്ധിപ്പിച്ച്, സുഖവാസ കേന്ദ്രങ്ങളെ ചേര്‍ത്ത് ഒരു ടൂറിസം പാത. വേണമെങ്കില്‍ ദേശീയ പാതയ്ക്ക് സമാന്തരമായി തന്നെ ഒരു പുതിയ പാത.
പെരുമാതുറ പാലം തുറന്നിട്ടത് ഇങ്ങനെ ശുഭ യാത്രകളുടെ വലിയ വാതിലാണ്. കൊല്ലം ഭാഗത്ത് നിന്നുള്ളവര്‍ക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തണമെങ്കില്‍ പരവൂര്‍, വര്‍ക്കല, അഞ്ചുതെങ്ങ് വഴി പെരുമാതുറയിലൂടെ എളുപ്പത്തില്‍ പോകാം. ആലംകോട് വഴി കടയ്ക്കാവൂരിലെത്തി അഞ്ചുതെങ്ങിലെത്തി പാലത്തിലൂടെ പോകാം.
യാത്രക്കാര്‍ക്ക് കിലോമീറ്ററുകള്‍ ലാഭിക്കാം. സമയ നഷ്ടവും ഒഴിവാക്കാം. കൊച്ചി, തങ്കശ്ശേരി, നീണ്ടകര, വിഴിഞ്ഞം, ചിലക്കൂര്‍, മുതലപ്പൊഴി എന്നിവ ബന്ധിപ്പിച്ചുള്ള ചരക്ക് പാതയെന്ന ആശയവും കര പറ്റിക്കാം. ഇതിന്റെ പ്രധാന കടമ്പ പാലം വന്നതോടെ മാറി. മുതലപ്പൊഴി തുറമുഖം കൂടി വന്നാല്‍ ഈ പ്രദേശത്തെ നീണ്ടകര പോലെ വലിയ മത്സ്യ വ്യാപാര കേന്ദ്രമാക്കാന്‍ കഴിയും. വര്‍ക്കല, ശിവഗിരി, കായിക്കര ആശാന്‍ സ്മാരകം, അഞ്ചുതെങ്ങ് കോട്ട, വേളി, ശംഖുംമുഖം, കോവളം തുടങ്ങിയവ ബന്ധിപ്പിച്ചുള്ള സഞ്ചാര സാധ്യതകളിലേക്കും പാലം ശുഭ കാലത്തിന്റെ ജാലകം തുറന്നിടുന്നു. തീരദേശത്തിന്റെ ഒറ്റപ്പെടലുകളില്‍ നിന്നുള്ള വിടുതലിനും പെരുമാതുറ പാലം ഇവിടെ വെളിച്ചമേകുകയാണ്.

More Citizen News - Thiruvananthapuram