ഉദ്ഘാടനത്തിന് അണമുറിയാതെ ജനപ്രവാഹം; ഉത്സവലഹരിയില്‍ തീരദേശം

Posted on: 10 Sep 2015ചിറയിന്‍കീഴ്: ആര്‍പ്പും ആരവവുമായി ആയിരങ്ങള്‍ ബുധനാഴ്ച പെരുമാതുറയിലേക്ക് ഒഴുകിയെത്തി. കാലങ്ങളായി കാത്തിരുന്ന പുതിയ പാലം കണ്‍മുന്നില്‍ വിടര്‍ന്നപ്പോള്‍ അവര്‍ തൊട്ടും തലോടിയും നടന്നും ഓടിയും പാലം സ്വന്തമായതിന്റെ സന്തോഷം പങ്കിട്ടു.
ഒരാഴ്ച മുമ്പുതന്നെ തീരം ഉദ്ഘാടനദിനത്തിന് തയ്യാറെടുത്തിരുന്നു. ഉദ്ഘാടനത്തിന് ഉത്സവച്ഛായ പകര്‍ന്ന് പെരുമാതുറയും ചുറ്റുവട്ടവും വര്‍ണ്ണക്കൊടികളാല്‍ നിറഞ്ഞിരുന്നു. അന്തരീക്ഷം വാദ്യമേളങ്ങളാല്‍ മുഖരിതമായിരുന്നു. പാലത്തിന്റെ ഉദ്ഘാടനം കാണാന്‍, അതില്‍ അണിചേരാന്‍, ചിറയിന്‍കീഴ്, അഴൂര്‍, അഞ്ചുതെങ്ങ്, കിഴുവിലം, കഠിനംകുളം, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങി തീരദേശത്തെയും സമീപത്തെയും സ്ഥലങ്ങളില്‍നിന്നായി ജനങ്ങള്‍ രാവിലെ മുതല്‍ പെരുമാതുറയിലേക്ക് എത്തിച്ചേരാന്‍ തുടങ്ങിയിരുന്നു.
ഉച്ചയോടെ സ്ഥലത്ത് വന്‍ തിരക്കായി. വൈകുന്നേരത്തോടെ ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങി. മുഖ്യമന്ത്രി വന്നതോടെ കൊട്ടും മേളവും ഉച്ചത്തിലായി. ജയ്വിളികളുമായി അണികള്‍ മുഖ്യമന്ത്രിയെ എതിരേറ്റു.
ഉദ്ഘാടനച്ചടങ്ങ് തീരുമ്പോഴേക്കും പെരുമാതുറ പാലത്തെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

More Citizen News - Thiruvananthapuram