റീടാറിങ് ചെയ്ത റോഡ് ആഴ്ചകള്‍ കഴിയുംമുമ്പേ തകര്‍ന്നുതുടങ്ങി

Posted on: 10 Sep 2015വെളളറട: നിരവധി നിവേദനങ്ങള്‍ക്കൊടുവില്‍ ഒരു മാസം മുമ്പ് റീടാര്‍ ചെയ്ത റോഡ് നിര്‍മാണത്തിലെ അപാകത്താല്‍ തകര്‍ന്നതായി പരാതി. നിരവധിപേരുടെ ആശ്രയമായ മണ്ണാംകോണം തെറ്റിയറ ചര്‍ച്ച് റോഡാണ് ആഴ്ചകള്‍ക്ക് മുമ്പ് തകര്‍ന്നുതുടങ്ങിയത്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ച 4.82 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ റോഡിന്റെ ടാറിങ് നടത്തിയത്. പണികള്‍ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുംമുമ്പേ റോഡിന്റെ പലഭാഗത്തും ചെറുകുഴികള്‍ രൂപപ്പെട്ടിട്ടുണ്ട് . നിര്‍മാണവേളയില്‍ ടാറിങ്ങിലെ അപാകം കരാറുകാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അവയൊക്കെ പിന്നീട് പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായി. ടാറിങ്ങിലെ അപാകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുകയും പരിസര പ്രദേശത്ത് പോസ്റ്റര്‍ പതിപ്പിക്കലും നടത്തി.

More Citizen News - Thiruvananthapuram