ഇഴജന്തുക്കളും തെരുവുനായ്ക്കളും ഭീഷണി ഉയര്‍ത്തി കുഴിത്തുറ റെയില്‍വേ സ്റ്റേഷന്‍

Posted on: 10 Sep 2015കുഴിത്തുറ: തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാതയില്‍ ജില്ലാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കുഴിത്തുറ വെസ്റ്റ്, കുഴിത്തുറ റെയില്‍വേ സ്റ്റേഷനുകള്‍ കാടുകയറി നശിക്കുന്നു.
ഇഴജന്തുക്കളും തെരുവുനായ്ക്കളും യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നതായി പരാതിയുയര്‍ന്നു.
രണ്ട് സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമിനുസമീപം കാടുകയറിക്കിടക്കുകയാണ്. വെസ്റ്റ് സ്റ്റേഷനില്‍ യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങളില്‍വരെ ചെടികളും വള്ളികളും പടര്‍ന്നുകയറിയ സ്ഥിതിയാണ്.
ഭക്ഷണ മാലിന്യങ്ങളും കാന്റീന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നതുകാരണം എലികളും ഇഴജന്തുക്കളും നിറയുകയാണ്.
രാത്രികാലങ്ങളില്‍ ഇവിടെ വന്നിറങ്ങുന്നവരും തീവണ്ടി കയറാന്‍ വരുന്നവരുമായ യാത്രക്കാര്‍ പലരും പാമ്പുകളെ ഭയന്നോടുകയാണ്. തെരുവുനായ്ക്കള്‍ പകല്‍സമയങ്ങളില്‍പോലും സ്റ്റേഷനുള്ളില്‍ യാതൊരു ഭയവുമില്ലാതെ ചുറ്റിത്തിരിയുകയാണ്.
പ്ലാറ്റ്‌ഫോമിന് സമീപത്തുള്ള കാടുകള്‍ വെട്ടിത്തെളിക്കാനോ, മാലിന്യങ്ങള്‍ സ്റ്റേഷന് സമീപത്തുനിന്ന് മാറ്റാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

More Citizen News - Thiruvananthapuram