ലൈറ്റ് മെട്രോ: ഭരണാനുമതിയായി; കേന്ദ്രത്തിന് പുതിയ കത്തുനല്‍കും

Posted on: 10 Sep 2015തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തത്ത്വത്തില്‍ അനുമതി തേടിക്കൊണ്ടുള്ള കത്ത് ഉടന്‍ കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തിന് സമര്‍പ്പിക്കും.
കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കാനാവശ്യമായ തീരുമാനം ഉടന്‍ എടുക്കും. കൊച്ചി മെട്രോ മാതൃകയില്‍ ഡി.എം.ആര്‍.സി.തന്നെയാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ബുധനാഴ്ചത്തെ മന്ത്രിസഭാതീരുമാനം. ഡി.എം.ആര്‍.സി.യുടെ പദ്ധതിരേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പുതിയ കത്തുനല്‍കും. നേരത്തെ കേന്ദ്രത്തിന് നല്‍കിയ കത്ത് പരിഷ്‌കരിച്ചാണ് പുതിയത് സമര്‍പ്പിക്കുന്നത്.
ലൈറ്റ് മെട്രോയ്ക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു. പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം കത്തുനല്‍കിയത്. പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടാതെ നല്‍കിയ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യമില്ലായ്മ വെളിപ്പെടുത്തുന്നതാണെന്ന് അന്നേ വിമര്‍ശമുയര്‍ന്നിരുന്നു. നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പെഴുതിയ പശ്ചാത്തലത്തിലാണ് പ്രസ്തുത കത്തിന് പകരമായി പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി മറ്റൊരു കത്തയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം നല്‍കുന്ന കത്തില്‍ പ്രധാനമായും നാല് കാര്യങ്ങളാണ് ഉള്‍ക്കൊള്ളിക്കാറുള്ളത്. വിശദ പഠനറിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി രേഖപ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം. ഇതിന്റെ ഭാഗമായാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. ഇവ കൂടാതെ പദ്ധതിയുടെ ധനസമാഹരണ മാര്‍ഗം, വായ്പ, കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. മെട്രോ പദ്ധതി നടപ്പാകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതസംവിധാനങ്ങളും ക്രമീകരണങ്ങളും ഉള്‍ക്കൊള്ളിച്ച പഠനം-സമഗ്ര മൊബിലിറ്റി പ്ലാന്‍-ഉള്‍ക്കൊള്ളിക്കണം. നാറ്റ്പാക്‌നെയാണ് ഈ പഠനം നടത്താന്‍ ഏല്പിച്ചിരിക്കുന്നത്. ഇതുകൂടാതെ കണ്‍സള്‍ട്ടന്റ് ആരാകണമെന്നതും കത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്.
ഇവയൊന്നും രേഖപ്പെടുത്താത്ത കത്താണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തിന് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം നല്‍കിയത്. പദ്ധതി നടപ്പാകണമെങ്കില്‍ ഈ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് കത്തുനല്‍കണമെന്ന് ശ്രീധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ കത്ത് നല്‍കാന്‍ തീരുമാനമായിരിക്കുന്നത്.

More Citizen News - Thiruvananthapuram