നെല്ലനാട്ടെ പാര്‍പ്പിട സമുച്ചയത്തിന് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

Posted on: 09 Sep 2015വെഞ്ഞാമൂട്: നെല്ലനാട് പഞ്ചായത്തിലെ ആദ്യത്തെ പാര്‍പ്പിടത്തിന് ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. 32 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട സമുച്ചയമാണ് കാന്തലക്കോണം ഗ്രാമത്തില്‍ പണിയാന്‍പോകുന്നത്. എസ്.സി.-എസ്.ടി. വിഭാഗങ്ങള്‍ക്ക് 16 വീടുകളും ജനറല്‍ വിഭാഗത്തിനുള്ള 16 വീടുകളുമാണ് നല്‍കുന്നത്.
കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, സിറ്റ് ഔട്ട്, കക്കൂസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ വീടുകളും. ഓരോ വീടുകള്‍ക്കും കുടിവെള്ള സൗകര്യവുമുണ്ടായിരിക്കും.
എഫ്.എ.സി.ടി.യുടെ കീഴിലെ ആര്‍.സി.എഫ്. ആണ് പണി നടത്തുന്നത്. ജിപ്‌സം റെഡിമെയ്ഡ് ചുമര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പണി നടത്തുന്നത്. ക്രെയിന്‍ ഉപയോഗിച്ചാണ് ചുമരുകള്‍ ചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നുമാസം കൊണ്ട് പണി നടത്താനാകുമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ പറഞ്ഞു. നെല്ലനാട് പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ െവച്ച് എഫ്.എ.സി.ടി. വിദഗ്ദ്ധര്‍ നിര്‍മാണരീതികളുടെ സവിശേഷതകള്‍ സി.ഡി. ഷോയിലൂടെ പരിചയപ്പെടുത്തിക്കൊടുത്തു.
വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പഞ്ചായത്ത് എടുക്കുന്ന വായ്പകൊണ്ടാണ് പണി നടത്തുന്നത്. 15 വര്‍ഷം കൊണ്ട് പഞ്ചായത്ത് തന്നെ പണം അടച്ചുതീര്‍ക്കുമെന്നാണ് വ്യവസ്ഥ.
കാന്തലക്കോണം ഗ്രാമത്തില്‍ െവച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വലിയ പരിപാടി നടത്താന്‍ സ്ഥലമില്ലാത്തതുകൊണ്ട് വെഞ്ഞാറമൂട് കവലയിലെ രാമചന്ദ്രന്‍ സ്മാരക മൈതാനത്തുെവച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്.
കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷനാകും. സമ്പത്ത് എം.പി., അന്‍സജിതാ റസ്സല്‍, രമണി പി.നായര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പരിപാടിയുടെ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ് അനിതാമഹേശന്‍ ചെയര്‍പേഴ്‌സണായും ആര്‍.അപ്പുക്കുട്ടന്‍ പിള്ള ചെയര്‍മാനായും വിപുലമായ സംഘാടക സമിതിയേയും തിരഞ്ഞെടുത്തിട്ടുണ്ട്.


45


നെല്ലനാട് പഞ്ചായത്തിലെ കാന്തലക്കോണം ഗ്രാമത്തില്‍ പണിയുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ മാതൃക

More Citizen News - Thiruvananthapuram