വര്‍ക്കലയില്‍ കഞ്ചാവിന്റെ ഉപഭോഗവും വില്പനയും വര്‍ധിക്കുന്നു

Posted on: 09 Sep 2015വര്‍ക്കല: വര്‍ക്കലയിലും സമീപപ്രദേശങ്ങളിലും കഞ്ചാവിന്റെ ഉപഭോഗവും വില്പനയും വര്‍ധിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തുന്നത്. ഇതിനായി വര്‍ക്കല കേന്ദ്രീകരിച്ച് ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരം കഞ്ചാവ് കച്ചവടക്കാരെ ഇടക്കിടയ്ക്ക് പിടിക്കുന്നതല്ലാതെ കഞ്ചാവ് എത്തുന്ന സ്രോതസ് കണ്ടുപിടിക്കാന്‍ പോലീസിനും എക്‌സൈസിനും കഴിഞ്ഞിട്ടില്ല.
വര്‍ക്കല ബീച്ച്, തൊടുവെ, രാമന്തള്ളി, ചിലക്കൂര്‍, വണ്ടിപ്പുര തുടങ്ങിയ ഭാഗങ്ങളിലാണ് വില്പന നടക്കുന്നത്. കൊല്ലം ജില്ലയില്‍ പുനലൂര്‍, തെന്മല, ആര്യങ്കാവ് തുടങ്ങി തമിഴ്‌നാടിനോട് ചേര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ നിന്നാണ് വര്‍ക്കലയിലേക്ക് കഞ്ചാവ് എത്തുന്നത്. പാരിപ്പള്ളി, കിളിമാനൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് വര്‍ക്കലയിലേക്ക് കടത്തുകയാണ് പതിവ്. ബസ്, കാര്‍, ഓട്ടോറിക്ഷ തുടങ്ങിയവയിലാണ് കഞ്ചാവ് എത്തിക്കുന്നത്. പാരിപ്പള്ളിയില്‍ നിന്ന് വര്‍ക്കല തൊടുവെ ഭാഗത്ത് കഞ്ചാവെത്തിക്കാന്‍ പ്രത്യേക നിരക്കുണ്ട്. ചില ഓട്ടോഡ്രൈവര്‍മാര്‍ സ്ഥിരം കാരിയറായി പ്രവര്‍ത്തിക്കുന്നു.
ഒന്നരക്കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം കോവൂര്‍ കാക്കുളം മാടന്‍നടയ്ക്ക് സമീപം അനിവിലാസത്തില്‍ അനിയെ(39) അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണക്കാലത്ത് ചില്ലറ വില്പനയ്ക്കായാണ് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സമീപത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. വര്‍ക്കല കേന്ദ്രീകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ സ്ഥിരമായി കഞ്ചാവ് വില്പന നടത്തിവന്ന രാമന്തള്ളി സ്വദേശി ഷിജി, ജനാര്‍ദ്ദനപുരം സ്വദേശി രഞ്ജിത്ത് കുമാര്‍ എന്നിവര്‍ കഴിഞ്ഞമാസങ്ങളില്‍ പിടിയിലായിരുന്നു.
വര്‍ക്കല ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന വര്‍ഷങ്ങളായി തുടരുന്നു. സീസണില്‍ വിദേശികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ചെറിയ സാധനങ്ങള്‍ വില്‍ക്കാനായി ബീച്ചിലെത്തുന്നവരില്‍ പലരുടെയും പ്രധാന ബിസിനസ് കഞ്ചാവ് വില്പനയാണ്. തൊടുവെ, രാമന്തള്ളി ഭാഗത്താണ് കഞ്ചാവ് കച്ചവടം ഏറ്റവുമധികം നടക്കുന്നത്. തൊടുവെയില്‍ സ്ത്രീകളുള്‍പ്പെടെ കഞ്ചാവ് വില്പനയ്ക്ക് അറസ്റ്റിലായിട്ടുണ്ട്. ടി.എസ്.കനാലിന്റെ തീരവും കോളനികളും കഞ്ചാവ് വില്പന തടസ്സമില്ലാതെ നടക്കുന്നതിന് തണലാകുന്നു. പാരിപ്പള്ളിയില്‍ നിന്ന് റോഡ്മാര്‍ഗ്ഗം കഞ്ചാവ് പെട്ടെന്ന് തൊടുവെയില്‍ എത്തിക്കാന്‍ കഴിയും.
മദ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് കഞ്ചാവ് വില്പന വര്‍ധിക്കാന്‍ കാരണമായത്. വിവിധ സ്‌കൂളുകള്‍ക്ക് സമീപം പ്ലസ്ടു വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയും കഞ്ചാവ് വില്പനക്കാരെത്തുന്നു. വില്പനക്കാര്‍ കഞ്ചാവ് എവിടെയെങ്കിലും ഒളിപ്പിച്ചുവെച്ചശേഷം ആവശ്യക്കാരെത്തുമ്പോള്‍ നല്‍കുകയാണ് ചെയ്യുന്നത്. കുറച്ച് പൊതികള്‍ മാത്രമാകും കൈയില്‍ കരുതുക. അതിനാല്‍ പിടിക്കപ്പെട്ടാലും പെട്ടെന്ന് പുറത്തിറങ്ങാനാകും. തുടര്‍ന്നും ഈ ജോലി തന്നെ അവര്‍ ഏറ്റെടുക്കുന്നു. ചില്ലറ വില്പനക്കാരെ മാത്രമാണ് എക്‌സൈസ് പിടിക്കുന്നത്. വില്പനയ്ക്ക് നേതൃത്വം നല്‍കുന്നവരെ കണ്ടെത്താതെ കഞ്ചാവിന്റെ വരവ് തടയാനാകില്ല. സ്‌കൂളുകള്‍ക്ക് സമീപം കഞ്ചാവ് വില്പന തടയാന്‍ എക്‌സൈസും പോലീസും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാണ്.

More Citizen News - Thiruvananthapuram