ആറ്റിങ്ങല്‍ നഗരസഭയ്ക്ക് സാനിട്ടറി ലാന്‍ഡ് ഫില്ലിങ്ങിന് അനുമതി

Posted on: 09 Sep 2015ആറ്റിങ്ങല്‍: ഖരമാലിന്യ സംസ്‌കരണത്തിലെ പുതിയ പദ്ധതിയായ സാനിട്ടറി ലാന്‍ഡ് ഫില്ലിങ് നടപ്പാക്കാന്‍ ആറ്റിങ്ങല്‍ നഗരസഭയ്ക്ക് അംഗീകാരം ലഭിച്ചു. ശാസ്ത്രീയമായി ഖരമാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതിയാണിത്. 99,30,000 രൂപയാണ് അടങ്കല്‍ തുക. കാസര്‍കോട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
കേരളത്തില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജിലെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പദ്ധതിരേഖ തയാറാക്കിയത്. കേന്ദ്ര വനം പരിസ്ഥിതി ബോര്‍ഡ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സംസ്ഥാനതല വിദഗ്ദ്ധസമിതി എന്നിവയുടെയും അനുമതി പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.
ആറ്റിങ്ങല്‍ നഗരസഭയില്‍ മണ്ണിര കമ്പോസ്റ്റ്, വിന്‍ഡ്രോ കമ്പോസ്റ്റ്, ബയോഗ്യാസ് എന്നീ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇവയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളെ വായു, മണ്ണ്, ജലം എന്നിവ മലിനമാകാതെ നിര്‍മാര്‍ജനം ചെയ്യുന്നതാണ് സാനിറ്ററി ലാന്‍ഡ് ഫില്ലിങ്. ഇതിനായി മാലിന്യ സംസ്‌കരണപ്ലാന്റിന് സമീപം 1.64 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. പദ്ധതി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും നഗരസഭയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ പദ്ധതിയെന്നും നഗരസഭാധ്യക്ഷ എസ്.കുമാരി, ഉപാധ്യക്ഷന്‍ എം.പ്രദീപ് എന്നിവര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram