ഇന്നുമുതല്‍ പെരുമാതുറ പാലം ജനങ്ങള്‍ക്ക് സ്വന്തം

Posted on: 09 Sep 2015ചിറയിന്‍കീഴ്: കായലിന് കുറുകെ ഒരു പാലത്തിനായി പതിറ്റാണ്ടുകള്‍ നോറ്റ കാത്തിരിപ്പ് ഇനി മറക്കാം. അക്കരെയിക്കരെ പോകാന്‍ വള്ളക്കാരനെ കാത്തുനിന്ന് കാലു കഴച്ചതും ഓര്‍മ്മയാകുന്നു. പെരുമാതുറയ്ക്കും താഴംപള്ളിക്കുമിടയില്‍ ഈ രണ്ട് കരകളെ ചേര്‍ത്ത് അഞ്ചുതെങ്ങ് കായലിന് കുറുകെ പെരുമാതുറ പാലം ബുധനാഴ്ച മിഴിതുറക്കുമ്പോള്‍ ഇങ്ങനെ കാലത്തിനപ്പുറത്തേക്ക് മറയുന്ന കാഴ്ചകള്‍ നിരവധിയാണ്.
താഴംപള്ളിയിലുള്ളവര്‍ക്ക് ഒരു വിളിപ്പാടകലെ നൂറ് മീറ്റര്‍ അപ്പുറത്തുള്ള പെരുമാതുറയിലേക്ക് വണ്ടിയില്‍ പോകണമെങ്കില്‍ ഒന്നുകില്‍ അഞ്ചുതെങ്ങ് വഴി ചിറയിന്‍കീഴ് അഴൂര്‍ ഗണപതിയാംകോവില്‍ വഴി പെരുമാതുറയിലെത്തണം. ഇതിന് പത്ത്കിലോമീറ്റര്‍ ചുറ്റണം. പുറമെ ചിറയിന്‍കീഴ്, ശാര്‍ക്കര, മഞ്ചാടിമൂട്, അഴൂര്‍ െറയില്‍വേ ഗേറ്റുകളില്‍ മണിക്കൂറുകളോളം കാത്തിരിക്കണം. പെരുമാതുറയിലുള്ളവര്‍ക്ക് തിരിച്ചാണെങ്കിലും അങ്ങനെ തന്നെ.
ഇതിനിടയില്‍ മുഞ്ഞമൂട് പാലം ഉള്ളത് അല്പദൂരക്കുറവ് നല്‍കുന്നുണ്ട്. എങ്കിലും ഇവിടെ പുതിയ പാലംവരുമ്പോള്‍ കിലോമീറ്ററുകള്‍ മീറ്ററുകളാകുന്നു. അധികൃതര്‍ വിചാരിച്ചാല്‍ ദേശീയപാതയ്ക്ക് പുറമെ വര്‍ക്കലയില്‍ നിന്ന് അഞ്ചുതെങ്ങ് വഴി പെരുമാതുറയിലൂടെ തിരുവനന്തപുരത്തേക്ക് ബസ് റുട്ട് നടപ്പാക്കാം. ഇതിനോടകം തന്നെ തീരവാസികളില്‍ നിന്ന് ഈ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
തീരദേശത്ത് നല്ല ആശുപത്രികളില്ലാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ബസ് ആരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പൂവാറില്‍ നിന്ന് പെരുമാതുറയിലേക്ക് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസുണ്ട്. പാലംവന്ന സ്ഥിതിയില്‍ ഈ സര്‍വീസ് അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് ഭാഗത്തേക്ക് നീട്ടണമെന്ന വാദം ശക്തമായിക്കഴിഞ്ഞു. എന്നാല്‍ പാലം വന്നാലും അനുബന്ധ റോഡുകളുടെ ദുരവസ്ഥ മാറാതെ ഇത്തരം യാത്രാവികസന പദ്ധതികള്‍ നടപ്പിലാക്കാനാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പാലത്തിന്റെ താഴംപള്ളി, പെരുമാതുറ ഭാഗങ്ങളിലെക്കെ റോഡിന്റെ വീതിക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. അഞ്ചുതെങ്ങ് കോട്ട ഭാഗത്തുള്‍പ്പെടെ റോഡിന് ചെറുപാതയുടെ വലിപ്പം മാത്രമാണുള്ളത്. കടലിനും കായലിനുമിടയിലൂടെ പോകുന്ന റോഡിന്റെ ഇരു വശത്തും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ റോഡ് വികസനം കീറാമുട്ടിയായി മാറുവാനാണ് സാധ്യതയെന്നും അധികൃതര്‍ പറയുന്നു. പാലം വരുന്നതോടെ ഈവഴിയില്‍ വാഹനത്തിരക്കേറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതിനനുസരിച്ച് പാത വിസ്തൃതമല്ലാത്തതും അത് എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയും അധികൃതരെ കുഴയ്ക്കുകയാണ്.

More Citizen News - Thiruvananthapuram