ചരിത്രം സാക്ഷി: പെരുമാതുറ പാലത്തിനായി ആദ്യംമുതല്‍; മാറ്റത്തിനായുള്ള ജനമനസ്സിനൊപ്പം മാതൃഭൂമി

Posted on: 09 Sep 2015ചിറയിന്‍കീഴ്: പെരുമാതുറ പാലം തുറക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യം മാതൃഭൂമിക്ക് കൂടിയാണ്. ജനപക്ഷത്താണ് എന്നും മലയാളിയുടെ മനസ്സറിഞ്ഞ മാതൃഭൂമി പെരുമാതുറ പാലത്തിന്റെ കാര്യത്തിലും മാതൃഭൂമിയുടെ വഴി മറ്റൊന്നായിരുന്നില്ല. ഇവിടെ പെരുമാതുറ പാലം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതും പാലത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളിലും അതിന്റെ തുടര്‍ച്ചയിലും ഇടര്‍ച്ചയിലും പിന്നെ ലക്ഷ്യപ്രാപ്തിയിലും മാതൃഭൂമി വിളക്ക് തെളിച്ച് കൂടെ നടന്നു. ചരിത്രം അതിന് സാക്ഷി. പാലത്തിന്റെ ഓരോ തുടിപ്പും മിടിപ്പും പാലം നിര്‍മ്മാണം തുടങ്ങിയ 2011 മുതല്‍ മാതൃഭൂമി വായനക്കാരിലെത്തിച്ചു. പാലത്തിന്റെ പണികള്‍ പ്രതിസന്ധിയിലായപ്പോള്‍ മാതൃഭൂമി പാലത്തിനായി പടയ്ക്കിറങ്ങി. അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തി. പാലം പണി ഇങ്ങനെ പോയാല്‍ എങ്ങുമെത്തില്ലെന്ന് വിളിച്ച് പറഞ്ഞുകൊണ്ട് മാതൃഭൂമി 2013 നവംബര്‍ 4 മുതല്‍ 8 വരെ - പെരുമാതുറ പാലം പതുക്കെ പതുക്കെ - എന്ന തലക്കെട്ടില്‍ ആദ്യമായി പരമ്പര പ്രസിദ്ധീകരിച്ചു. ഇത് വന്നതോടെ പാലം പണി ഊര്‍ജിതപ്പെട്ടു. പരമ്പര വന്ന് മാസങ്ങള്‍ക്കുള്ളില്‍ പാലം തല ഉയര്‍ത്തി. പിന്നീട് പാലത്തിന്റെ ചെറു അനക്കങ്ങള്‍ കൂടി മാതൃഭൂമി പിന്തുടര്‍ന്നു. പിന്നെയായിരുന്നു പാലത്തിന്റെ തലവര മാറ്റിയ ഇടപെടല്‍ മാതൃഭൂമിയില്‍ നിന്ന് ഉണ്ടായത്.
ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തിലെ താഴംപള്ളിയെയും പെരുമാതുറയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 2011 മാര്‍ച്ച് 10 നായിരുന്നു പെരുമാതുറപാലം
പണിയുടെ തുടക്കം. കരാര്‍ പ്രകാരം 2013 മാര്‍ച്ച് 9 ന് തീര്‍ക്കേണ്ടിയിരുന്നതാണ്. എന്നാല്‍ പാലത്തിന്റെ നിര്‍മ്മാണം ഒരു ഘട്ടത്തിലും പ്രതീക്ഷിച്ചപോലെ നീങ്ങിയില്ല. പുറമെ പാലത്തിന് ദോഷകരമായി പുതിയ ചില പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു. പെരുമാതുറ ഭാഗത്ത് പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഇല്ലാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഇക്കാരണം കൊണ്ട് തന്നെ പാലം ഒരു കാരണവശാലും പെരുമാതുറ ഭാഗത്ത് ചേര്‍ക്കാനോ പൂര്‍ത്തിയാക്കാനോ പറ്റാത്ത സ്ഥിതിയായി. പാലത്തിന്റെ ഈ പ്രതിസന്ധികള്‍ കാട്ടി 2014 ഒക്ടോബര്‍ 28 മുതല്‍ 31 വരെ -പെരുമാതുറയുടെ സ്വപ്‌നം -എന്ന തലക്കെട്ടില്‍ വീണ്ടും മാതൃഭൂമി പരമ്പര പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് അധികൃതര്‍ ഉണര്‍ന്നു. പെരുമാതുറ ഭാഗത്ത് അപ്രോച്ച് റോഡിനായി സ്ഥലമെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തി. 2014 ഡിസംബറില്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ 37 ലക്ഷം രൂപ അനുവദിച്ചു.
ഈ തുക ഉപയോഗിച്ച് റോഡിനായുള്ള ഭൂമി കണ്ടെത്തി വസ്തു ഉടമകളില്‍നിന്ന് സ്ഥലം ഏറ്റെടുത്തു. 12 ആര്‍ വസ്തുവാണ് ഇങ്ങനെ പാലത്തിനായെടുത്തത്. ഇതോടെ പാലത്തിന്റെ എല്ലാ പ്രതിസന്ധിയും പൂര്‍ണമായും ഒഴിഞ്ഞു. ചരിത്രം അതിന് സാക്ഷിയാണ്. പിന്നെ ശരവേഗത്തിലായിരുന്നു പണികള്‍. അപ്പോഴും 'മാതൃഭൂമി' കണ്ണിമ ചിമ്മാതെ കൂടെ നിന്നു, വ്യത്യസ്തമായ വാര്‍ത്തകളും ചിത്രങ്ങളുമായി. ഇപ്പോള്‍ പാലം സഞ്ചാര യോഗ്യമായിരിക്കുന്നു. ഇനി ഓരോ മനുഷ്യന്റെ കാല്പാടുകളും ഈ പാലത്തില്‍ പതിയുമ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥന ഈ പാലം മനുഷ്യബന്ധങ്ങളുടെ ഹൃദയങ്ങള്‍ ചേര്‍ത്ത് വയ്ക്കുന്നതിനുള്ള പാലമാകണമെന്നും അത് ദേശത്തിന്റെ വികസനത്തിനും നന്മയ്ക്കും വഴിയൊരുക്കുന്നതാകണമെന്നുമാണ്.

More Citizen News - Thiruvananthapuram