കീഴാറൂര്‍ വില്ലേജോഫീസ് മന്ദിരം നിര്‍മാണം വൈകുന്നു

Posted on: 09 Sep 2015വെള്ളറട: മാനം കറുത്താല്‍ ജീവനക്കാര്‍ കുട നിവര്‍ത്തേണ്ട അവസ്ഥയിലായ കീഴാറൂര്‍ വില്ലേജോഫീസ് മന്ദിരം ജീര്‍ണിച്ച് അപകടനിലയിലായിട്ട് വര്‍ഷങ്ങളായി. നിരവധി നിവേദനങ്ങളും, പരാതികളും നല്‍കിയിട്ടും പുതിയ മന്ദിര നിര്‍മാണം വൈകുന്നതായി ആക്ഷേപം. മഴയത്ത് ഒരിറ്റ് വെള്ളംപോലും പുറത്ത് പോകാതെ കെട്ടിടത്തിന്റെ അകത്ത് പതിക്കുമെന്നതിനാല്‍ ചുവര്‍ ഇടിഞ്ഞ് വീഴുമെന്ന ഭീതിയിലാണ് ജീവനക്കാര്‍ .
ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിലെ നിരവധി പേരുടെ ആശ്രയമായ കീഴാറൂര്‍ വില്ലേജോഫീസ് കുറ്റിയായണിക്കാടിലാണ് സ്ഥിതിചെയ്യുന്നത്. 1986ലാണ് നിലവിലെ കെട്ടിടം നിര്‍മിച്ചത്. മൂന്ന് ഇടുങ്ങിയ മുറികളാണ് ആ കെട്ടിടത്തിലുള്ളത്. ആറോളം ജീവനക്കാര്‍ ജോലിചെയ്യുന്ന ഈ ഓഫീസില്‍ ഗുണഭോക്താക്കള്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാത്ത നിലയിലാണ്. ഇതിന് പുറമേയാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ .
മന്ദിരോദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും നിര്‍മാണത്തിലെ അപാകത്താല്‍ കോണ്‍ക്രീറ്റ് പാളികളായി ഇളകി തുടങ്ങി. ഈ ഭാഗത്ത്കൂടി മഴവെള്ളം ഒലിച്ചിറങ്ങി കെട്ടിടത്തിന്റെ ഭിത്തികള്‍ തകരാറിലായി. കൂടാതെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളില്‍ പലതും നനഞ്ഞ് കുതിര്‍ന്ന് നശിക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ വരും നാളുകളില്‍ ജീവനക്കാര്‍ കുട പിടിച്ച് ജോലിചെയ്യേണ്ട നിലയിലാകും. ഇടയ്ക്കിടെ അടര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ചോര്‍ച്ചയ്ക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഗുണഭോക്താക്കളുടെ എണ്ണം അധികമായാല്‍ സ്ഥലപരിമിതി കുറവ് കാരണം ഓഫീസിന് പുറത്ത് നില്‍ക്കേണ്ട ഗതികേടാണ് പലര്‍ക്കുമുള്ളത്. നിരവധി പരാതിയെ തുടര്‍ന്ന് ഒരു തവണ പുതിയ കെട്ടിടനിര്‍മാണം പരിഗണിച്ചൂവെങ്കിലും പിന്നീട് അതെല്ലാം നിലച്ചതായി നാട്ടുകാര്‍ പറയുന്നു. അപകടനിലയിലായ കീഴാറൂര്‍ വില്ലേജോഫീസിന്റെ മന്ദിരനിര്‍മാണം ഉടനടി ആരംഭിക്കണമെന്ന് സി.പി.ഐ. ആര്യങ്കോട് ലോക്കല്‍കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram