അധ്യാപകദിനത്തില്‍ മുന്‍ പ്രഥമാധ്യാപികയുടെ വീട് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍

Posted on: 09 Sep 2015പൂവച്ചല്‍: അധ്യാപകദിനത്തോടനുബന്ധിച്ച് പൂവച്ചല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അധ്യാപകദിനാഘോഷ പരിപാടികള്‍ വ്യത്യസ്തമായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീലാ മാഹീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുളമൂട് ബേബിസദനത്തില്‍ താമസിക്കുന്ന 80 വയസ് പ്രായമുള്ള പൂവച്ചല്‍, കുളപ്പട, പരുത്തിപ്പള്ളി യു.പി.സ്‌കൂളുകളില്‍ പ്രഥമാധ്യാപികയായിരുന്ന എച്ച്.സരോജിനിഭായിയെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. 25 വര്‍ഷത്തെ റിട്ടയര്‍മെന്റ് ജീവിതത്തിനിടയില്‍ കഴിഞ്ഞ 2 വര്‍ഷമായി ഇവര്‍ കിടപ്പിലാണ്. അന്‍പതോളം വരുന്ന വിദ്യാര്‍ഥികള്‍ ടീച്ചറുടെ അനുഗ്രഹം വാങ്ങുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. ടീച്ചര്‍ പഴയകാല സ്‌കൂള്‍ ജീവിതവും ഗുരുശിഷ്യബന്ധത്തിന്റെ ധന്യതയെക്കുറിച്ചും സംസാരിച്ചു. വിദ്യാര്‍ഥികള്‍ തിരിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് കാണാമായിരുന്നു. മികച്ച അധ്യാപകര്‍ക്ക് ഫലകം നല്‍കി ആദരിച്ചു. പ്രിന്‍സിപ്പല്‍ സീമാസേവ്യര്‍, എച്ച്.എം. പ്രമീളാദേവി, വിനോദ് മുണ്ടേല, സിജു കെ.ബാനു, ലക്ഷ്മി പി.എസ്., ദീപ, സീമ എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram