ഈ വഴിയരികില്‍ ദാഹജലം പകര്‍ന്ന് ഒരമ്മ

Posted on: 09 Sep 2015കല്ലറ: കല്ലറയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് മുതുവിള വഴി യാത്ര ചെയ്യുന്നവര്‍ ദാഹിച്ച് വലയാറില്ല. വയ്യക്കാവ് ജങ്ഷനിലെ പാര്‍പ്പിടം വീടിനു മുന്നില്‍ എപ്പോഴും നിറഞ്ഞ ഒരു കുടം വെള്ളം ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മണ്‍കലത്തില്‍ കൃഷ്ണതുളസി ഇലയും രാമച്ചവും ഇട്ട തണുത്ത ശുദ്ധജലം ആവോളം കുടിച്ച് ഇതുവഴി കടന്നുപോകാം.
വയ്യക്കാവ് ജങ്ഷനിലെ സുലത (50)യുടെ വീടിനു മുന്നിലാണ് വഴിയാത്രക്കാര്‍ക്ക് ശുദ്ധജലം നല്‍കി മാതൃകയാകുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുലതയും ഭര്‍ത്താവായ ബാബുവും ചേര്‍ന്ന് ഇതിനു തുടക്കം കുറിച്ചത്. പാണയം, മുതുവിള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ബസ്സ്‌റ്റോപ്പിനു സമീപത്തുള്ള ഇവരുടെ വീട്ടില്‍ വെള്ളം കുടിക്കാന്‍ എത്തുന്നത് പതിവായിരുന്നു. ഇവര്‍ക്ക് കുടിക്കാനാണ് മണ്‍കലത്തില്‍ വെള്ളം സൂക്ഷിച്ചു തുടങ്ങിയത്.
ആദ്യകാലങ്ങളില്‍ ഒരു കുടം വെള്ളം മാത്രമാണ് വേണ്ടിയിരുന്നത്. സാമൂഹിക പ്രവര്‍ത്തകനും സ്‌കൂള്‍ മാനേജരുമൊക്കെയായിരുന്ന സുലതയുടെ ഭര്‍ത്താവിന്റെ മരണശേഷവും കുടിവെള്ളം നല്‍കുന്ന പതിവ് സുലത മുടക്കിയിട്ടില്ല.
പ്രഭാതസവാരിക്കാരുള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാരാണ് ഇവിടെ നിന്ന് വെള്ളം കുടിക്കുന്നത്. വരള്‍ച്ചക്കാലത്ത് നാല് കുടം വെള്ളം വരെ െചലവാകാറുണ്ട്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഇവിടെ ജലം തയ്യാറാണ്. സുലതയുടെ സഹായത്തിനായി റിട്ട. പ്രഥമാധ്യാപകനായ അച്ഛന്‍ വിദ്യാധരനും കൂടെയുണ്ട്. ഇവരുടെ രണ്ട് മക്കളും വിവാഹിതരായി വേറെ സ്ഥലങ്ങളിലാണ് താമസം. കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. വി.എന്‍.സുഷമയുടെ സഹോദരിയാണ് സുലത.

More Citizen News - Thiruvananthapuram