തൊഴിലുറപ്പ് പദ്ധതിയില്‍ നെയ്യാറിന് കുറുകെ തട അണയും പാലവും പൂര്‍ത്തിയാകുന്നു

Posted on: 08 Sep 2015കാട്ടാക്കട: നെയ്യാറിന് കുറുകെ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാലവും തടയണയും പണിത് കള്ളിക്കാട് പഞ്ചായത്ത് മാതൃകയാകുന്നു. പെരിഞ്ഞാംകടവിലാണ് ഒരു കോടി രൂപ ചെലവില്‍ 35 മീറ്റര്‍ നീളത്തിലും 4 മീറ്റര്‍ വീതിയിലുമായി പാലത്തിന്റെ പണി പുരോഗമിക്കുന്നത്.
നെയ്യാറിന് മറുകരയിലെ പെരിഞ്ഞാം, വില്ലിടുംപാറ പ്രദേശങ്ങളിലായുള്ള 50 ലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നെയ്യാറിന് കുറുകെ ഈ ഭാഗത്ത് പാലം ഇല്ലാത്തതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് ഏറെയായിരുന്നു. തൊട്ടു മുന്നിലുള്ള പ്രധാന റോഡിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയായിരുന്നു.
ദുരിതം കണ്ടറിഞ്ഞ് പഞ്ചായത്ത് ഭരണസമിതി കൂടി ഒറ്റക്കെട്ടായാണ് തൊഴിലുറപ്പില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചത്. അടങ്കല്‍ തീരുമാനിച്ചതോടെ പഞ്ചായത്തില്‍ പ്രത്യേക മേല്‍നോട്ട കമ്മിറ്റി രൂപവത്കരിച്ചു, പര്‍ച്ചേസ് കമ്മറ്റി ഉണ്ടാക്കി. സാധനങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി വില തീരുമാനിച്ചു. ഇതനുസരിച്ച് ഓപ്പണ്‍ ടെന്‍ഡറിലാണ് പണി നടത്താന്‍ സാധനങ്ങള്‍ വാങ്ങിയത്. വിദഗ്ധ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ച കൂലിയും അല്ലാത്തവര്‍ക്ക് തൊഴിലുറപ്പ് കൂലിയും തീരുമാനിച്ചു. ബാങ്ക് വഴിയാണ് വേതനം നല്‍കുന്നത്. വേനലില്‍ നീരൊഴുക്കു കൂടുന്ന നെയ്യാറില്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യത്തോടെ തടയണയും പാലവും ആണ് പൂര്‍ത്തിയാകുന്നത്. ഒരു ചെറിയ ടിപ്പര്‍ ലോറിക്ക് വരെ കടന്നുപോകാവുന്ന വീതി പാലത്തിനുണ്ട്.
വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പാലം ഉദ്ഘാടനം ചെയ്യും.
തൊഴിലുറപ്പില്‍ തന്നെ പഞ്ചായത്തില്‍ ദൈവപ്പുര- െകാഞ്ഞാര്‍ റോഡ്, പാട്ടെക്കോണം റോഡ്, കുരന്ജിമം പാലവും ബണ്ട് റോഡും, പെരിഞ്ഞാം-മലവിള റോഡ് തുടങ്ങിയ പണികളും നടക്കുന്നുണ്ട്.

More Citizen News - Thiruvananthapuram