മര്‍ദനമേറ്റ് ചികിത്സയിലിരിക്കേ അച്ഛന്‍ മരിച്ചു; മകന്‍ അറസ്റ്റില്‍

Posted on: 08 Sep 2015ആര്യനാട്: മര്‍ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് എരുമോട് കുന്നും പുറത്ത് വീട്ടില്‍ ശശിധരന്‍ (65)ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അജയകുമാര്‍ ആണ് അറസ്റ്റിലായത്.
തിരുവോണ ദിവസം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. റോഡപകടത്തില്‍ തലയ്ക്ക് പരിക്കേറ്റു എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ശശിധരന്‍ മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിച്ചു. ഈ വിവരം അറിഞ്ഞെത്തിയ അജയകുമാര്‍ അച്ഛനെ മുളവടി ഉപയോഗിച്ച് അടിച്ചു. ഇരുകാലുകളിലേയും തുടയെല്ലിന് പൊട്ടലുണ്ടായി. വീഴ്ചയില്‍ ശശിധരന്റെ തലയ്ക്ക് പിന്നിലും മാരകമായി മുറിവേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച വൈകീട്ടോടെ ശശിധരന്‍ മരണ മടഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചെന്ന അറിയിപ്പ് ആര്യനാട് പോലീസിന് ലഭിച്ചു. എന്നാല്‍ ഇങ്ങനെ ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പോലീസ് ശശിധരന്റെ വീട്ടിലെത്തി അയല്‍ക്കാരോട് വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് മകന്റെ മര്‍ദന വിവരം പുറത്തറിയുന്നത്. തുടര്‍ന്നാണ് അജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആര്യനാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുലാല്‍, എസ്.ഐ. ബിനീഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.


More Citizen News - Thiruvananthapuram