പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

Posted on: 08 Sep 2015കടയ്ക്കാവൂര്‍: പതിനാറ് വയസ്സുകാരിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് ഒരു വര്‍ഷത്തിനുശേഷം പോലീസ് പിടിയിലായി. മണമ്പൂര്‍, അമ്പലത്തുംപണയില്‍ ചാവടിവിളാകം വീട്ടില്‍ അനീഷ് (29) ആണ് പോലീസ് പിടിയിലായത്. 2014 ലാണ് കേസിനാസ്​പദമായ സംഭവം നടക്കുന്നത്.
ഒരു ചടങ്ങില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ട അനീഷ്, കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കള്‍ യുവാവിനെ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടയ്ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ അനീഷ് ഗള്‍ഫിലേയ്ക്ക് കടന്നു. അവിടെ വെച്ച് പെണ്‍കുട്ടിയുടെ മൊബൈല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വാട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ഗള്‍ഫില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ അനീഷിനെ അധികൃതര്‍ തടഞ്ഞുവെച്ചു. കടയ്ക്കാവൂര്‍ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് കടയ്ക്കാവൂര്‍ സി.ഐ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram