മലയാള നാടകസഹൃദയസംഘത്തിന്റെ നാടകവിരുന്ന് ആരംഭിച്ചു

Posted on: 08 Sep 2015തിരുവനന്തപുരം: മലയാള നാടകസഹൃദയസംഘത്തിന്റെ നേതൃത്വത്തില്‍ നാടകവിരുന്ന് ആരംഭിച്ചു. നാടകവിരുന്നിന് തുടക്കം കുറിച്ചുകൊണ്ട് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന സമ്മേളനം മേയര്‍ കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു.
വിനോദോപാധി എന്നതിലുപരി കലയുടെയും നാടകത്തിന്റെയും ദൗത്യം സാമൂഹിക പരിഷ്‌ക്കരണമാണെന്ന് മേയര്‍ ചന്ദ്രിക പറഞ്ഞു. അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങി വിവിധ നാടകങ്ങള്‍ കേരളസമൂഹത്തെ അടിമുടി പരിഷ്‌ക്കരിക്കുകയായിരുന്നുവെന്ന് മേയര്‍ പറഞ്ഞു. നടന്‍ മധു ചടങ്ങില്‍ മുഖ്യാതിഥിയായി. നാടകങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ കുറവാണെന്നും വായനക്കാരിലേക്ക് നാടകത്തെ എത്തിക്കണമെന്നും മധു പറഞ്ഞു.
' മനസ് ' പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി രമേഷ് പൂജപ്പുര, ഗീത എസ്. രംഗപ്രഭാത് തുടങ്ങിയവര്‍ പങ്കെടുത്തു.
'കടല്‍ ശാന്തമാണ്' എന്ന നാടകം വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. തീര്‍ത്ഥപാദമണ്ഡപത്തില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ അരങ്ങിലെത്തും.

More Citizen News - Thiruvananthapuram