തീരദേശം ആഹ്ലൂദത്തില്‍; പെരുമാതുറ പാലത്തിന്റെ ഉദ്ഘാടനം നാളെ

Posted on: 08 Sep 2015ചിറയിന്‍കീഴ്: വര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പ് സഫലം. ഇനി പെരുമാതുറ പാലം ജനങ്ങള്‍ക്ക് സ്വന്തം. പാലത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. തീരദേശത്തിന്റെ സ്വപ്‌നപദ്ധതിയായ പെരുമാതുറ പാലം ഗതാഗത സജ്ജമാകവെ പാലത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാനും അതിഥികളെ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് തീരദേശജനത. 2011 മാര്‍ച്ച് 10 നാണ് പാലം പണി തുടങ്ങിയത്. നിര്‍മ്മാണ കാലാവധിപ്രകാരം 2013 മാര്‍ച്ച് 9 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. തുടങ്ങിയനാള്‍ മുതല്‍ കിതച്ചുനീങ്ങിയ പാലം നിര്‍മ്മാണം കാലാവധി പിന്നിട്ട് കൃത്യം രണ്ടരവര്‍ഷം ആകുമ്പോഴാണ് പൂര്‍ത്തിയാകുന്നതെങ്കിലും പാലം കൊണ്ടുവരുന്ന വികസന സാധ്യതകളെ സ്വാഗതം ചെയ്യുകയാണ് തീരമേഖലയിലെയും സമീപത്തെയും ആയിരക്കണക്കിന് ജനങ്ങള്‍. പാലം തുറക്കുമ്പോള്‍ തീരമേഖലയുടെ വികസനത്തിന്റെ വാതില്‍ കൂടി തുറക്കുന്നുവെന്നാണ് പൊതു വിലയിരുത്തല്‍. മത്സ്യ ബന്ധനം, ടൂറിസം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലൂടെ വിവിധ പദ്ധതികളുടെ വലിയ വളര്‍ച്ചയ്ക്ക് പാലം വഴിതുറക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ പണികളൊക്കെ ഏതാണ്ട് തീര്‍ന്നു.
കൈവരികളുടെ പണികഴിഞ്ഞു. പാലത്തിന്റെ പെയിന്റിങ്ങും അപ്രോച്ച് റോഡുകളുടെ പണിയും തീര്‍ന്നു. താഴം പള്ളി ഭാഗത്തും പെരുമാതുറ ഭാഗത്തും അപ്രോച്ച് റോഡുകളുടെ ടാറിങ് അന്തിമഘട്ടത്തിലാണ്. എന്നാല്‍ പാലത്തില്‍ വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കാത്തത് പുത്തരിയിലെ കല്ലുകടിയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തിലെ പെരുമാതുറ, താഴം പള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ മുതലപ്പൊഴി തുറമുഖത്തിന് സമീപത്തായിട്ടാണ് പാലം വരുന്നത്. 259.7 മീറ്റര്‍ നീളത്തില്‍, ഇരുവശത്തും ഒന്നര മീറ്റര്‍വീതം നടപ്പാത ഉള്‍പ്പെടെ പത്തര മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
പെരുമാതുറ ഭാഗത്ത് പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഇല്ലാത്തത് ഗുരുതരമായ പ്രതിസന്ധിയായി. ഇക്കാരണം കൊണ്ടുതന്നെ പാലം പെരുമാതുറ ഭാഗത്ത് ചേര്‍ക്കാനോ പൂര്‍ത്തിയാക്കാനോ പറ്റാത്ത അവസ്ഥയുണ്ടായി. പാലംപണിയുടെ പ്രതിസന്ധികള്‍ കാട്ടി മാതൃഭൂമി പരമ്പരകള്‍ പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് അധികൃതര്‍ ഉണര്‍ന്നു. പെരുമാതുറ ഭാഗത്ത് അപ്രോച്ച് റോഡിനായി 37 ലക്ഷം രൂപ അനുവദിച്ചു. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കുകള്‍ ഇനി ഒരു പരിധിവരെ ഒഴിവാക്കാനാകും. കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചും തിരക്കൊഴിവാക്കി യാത്ര നടത്താനാകും. സഞ്ചാരികള്‍ക്ക് കടല്‍, കായല്‍ കാഴ്ചകള്‍ കണ്ടുകൊണ്ട് യാത്ര നടത്താനാകും. നേരത്തെ തീരദേശ ഹൈവേ പദ്ധതിക്ക് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാണിച്ചിരുന്നത് മുതലപ്പൊഴി ഭാഗത്ത് പാലമില്ലാത്തതായിരുന്നു. ഇപ്പോള്‍ പാലം വരുന്നതോടെ തീരദേശ ഹൈവേ ഇനി നടപ്പാക്കാനാകും.

More Citizen News - Thiruvananthapuram