സി.പി.ഐ. ഭരിക്കുന്ന ബാങ്കിന് മുന്നില്‍ ഇടത് സഹകരണയൂണിയന്‍ നേതാവ് നിരാഹാരസമരം തുടങ്ങി

Posted on: 08 Sep 2015വെഞ്ഞാറമൂട്: സി.പി.ഐ. ഭരിക്കുന്ന വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനുമുന്നില്‍ സി.പി.എം. സഹകരണ യൂണിയനായ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ പ്രസിഡന്റ് എം. മുരളി നിരാഹാരസമരം തുടങ്ങി.
ബാങ്ക് ജീവനക്കാരനും സി.പി.എം. വെഞ്ഞാറമൂട് ലോക്കല്‍കമ്മിറ്റി അംഗവുമായ രവീന്ദ്രന്‍നായരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സഹകരണ യൂണിയന്‍ നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ടമായാണ് നിരാഹാര സമരം തുടങ്ങിയത്. ഒരുമാസത്തിലധികമായി ഇതേ പ്രശ്‌നത്തില്‍ സഹകരണ യൂണിയന്‍ ബാങ്കിന്റെ മുന്നില്‍ അനിശ്ചിതകാലസമരം നടത്തിവരികയായിരുന്നു.
ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് രവീന്ദ്രനെ പിരിച്ചുവിട്ടതെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.ഐ. പകപോക്കല്‍ നടത്തുന്നതിന് നിരപരാധിയായ രവീന്ദ്രനെ പുറത്താക്കിയതെന്നാണ് സഹകരണയൂണിയനും സി.പി.എമ്മും ആരോപിക്കുന്നത്.
ബാങ്കിനുമുന്നില്‍ ആരംഭിച്ച നിരാഹാരസമരം വി.ശിവന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ ബാങ്കിനു മുന്നില്‍ ശക്തമായ പോലീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

More Citizen News - Thiruvananthapuram