അലത്തറയ്ക്കലില്‍ ഒരാഴ്ചയ്ക്കിടെ മോഷ്ടിച്ചത് 262 കോഴികളെ

Posted on: 08 Sep 2015നെയ്യാറ്റിന്‍കര: ചെങ്കല്‍ പഞ്ചായത്തിലെ അലത്തറയ്ക്കല്‍, കാരിയോട് എന്നിവിടങ്ങളിലെ നാട്ടുകാരുടെ ഉറക്കം ഒരാഴ്ചയിലേറെയായി നഷ്ടപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി നടക്കുന്ന കോഴിമോഷണമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 262 കോഴികളാണ് ഇവിടെനിന്നും മോഷണം പോയത്.
വീടുകള്‍ക്ക് പുറത്തുള്ള കൂട്ടില്‍നിന്നാണ് നാടന്‍ കോഴികള്‍ മോഷണം പോകുന്നത്. കോഴിമോഷണം കാരണം ഇന്നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം മാത്രം 23 കോഴികളാണ് മോഷണം പോയത്. രാത്രിയില്‍ പെട്ടി ഓട്ടോയുമായി എത്തുന്നവരാണ് കോഴിമോഷണം നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മോഷ്ടാക്കള്‍ ഒരു തരം സ്‌പ്രേ അടിച്ചശേഷമാണ് കോഴികളെ മോഷ്ടിക്കുന്നത്. സ്‌പ്രേ അടിച്ചുകഴിഞ്ഞാല്‍ കോഴികള്‍ മയക്കത്തിലാകും. ഇതിനുശേഷമാണ് മോഷണം.
വളര്‍ച്ചയെത്തിയ കോഴികളെ തിരഞ്ഞുപിടിച്ചാണ് മോഷണം. വളര്‍ച്ചയെത്താത്ത കോഴികളെ കള്ളന്മാര്‍ മോഷ്ടിക്കുന്നില്ല. മോഷണം പതിവായതോടെ നാട്ടുകാര്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ സഹായം ലഭിക്കാതായതോടെ നാട്ടുകാര്‍ ഉറക്കമുണര്‍ന്ന് കള്ളനെ പിടികൂടാനായുള്ള ഒരുക്കത്തിലാണ്.

More Citizen News - Thiruvananthapuram