അക്ഷരവെളിച്ചമേകി ഇരുപത്താറ് കൊല്ലം

Posted on: 08 Sep 2015


ആര്‍. ആതിരഇന്ന് അന്താരാഷ്ട്ര സാക്ഷരതാദിനം


തിരുവനന്തപുരം:
സമ്പൂര്‍ണ സാക്ഷരതയെന്ന ഉദ്യമത്തില്‍ പങ്കാളികളാകുന്ന സാക്ഷരത പ്രേരക് എന്ന പേരില്‍ ഒരുകൂട്ടം പ്രവര്‍ത്തകരുണ്ട്. സമൂഹത്തില്‍ അക്ഷരാഭ്യാസമുള്ളവരെ സൃഷ്ടിക്കുന്നതിനായി കൂലി നോക്കാതെ പണിയെടുക്കുന്നവര്‍. ഇരുപത്തിയാറ് വര്‍ഷമായി സാക്ഷരതയെന്ന വാക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് തൃക്കണ്ണാപുരം സ്വദേശി മേഴ്‌സി തായ്‌ലറ്റ്. തിരുവനന്തപുരം ജില്ലയില്‍ നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരകാണ് മേഴ്‌സി. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് മുമ്പുണ്ടായിരുന്ന സാക്ഷരതാ സമിതിയില്‍ ഇന്‍സ്ട്രക്ടറായായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്.
1989-90ലെ ഒന്നാംഘട്ടത്തില്‍ സാക്ഷരത പ്രവര്‍ത്തനത്തിലേക്ക് എത്തിയ മേഴ്‌സി ആദിവാസി മേഖലകളിലും സാക്ഷരതാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അന്ന് സ്വന്തം വീട്ടിലും മേഴ്‌സി സാക്ഷരതാ ക്ലാസുകള്‍ നടത്തിയിരുന്നു.
കോട്ടൂര്‍ വനത്തിലെ ആദിവാസി സെറ്റില്‍മെന്റായ വാലിപ്പാറയായിരുന്നു മേഴ്‌സിയുടെ പ്രവര്‍ത്തനമേഖല. ഒന്നരവര്‍ഷം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ മേഴ്‌സി ആദിവാസികളോടൊപ്പമായിരുന്നു താമസം. ''ഈറയുടെ ഇല കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച ഷെഡില്‍ ഈറ കൊണ്ടുണ്ടാക്കിയ കട്ടിലില്‍ കിടന്നായിരുന്നു ഉറക്കം. ഇഴജന്തുക്കളെയും ആനകളെയും പേടിച്ച് പലരാത്രികളിലും ഉറങ്ങിയിട്ടില്ല'' മേഴ്‌സി പറയുന്നു. അക്ഷരം പഠിച്ചവര്‍ കള്ളന്മാരാണെന്ന് വിശ്വസിച്ചിരുന്ന ഒരുകൂട്ടം ജനതയെ സാക്ഷരരാക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യങ്ങളില്‍ ഒന്നെന്ന് മേഴ്‌സി പറയുന്നു.
പിന്നീട് അമ്പൂരി, കോട്ടൂര്‍, ബോണക്കാട് തുടങ്ങിയ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകയായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. അഞ്ഞൂറ് രൂപയില്‍ ഇന്‍സ്ട്രക്ടറായി തുടങ്ങിയ പ്രവര്‍ത്തനം ആരോഗ്യ പ്രവര്‍ത്തക ആയപ്പോള്‍ വേതനം ആയിരം രൂപയായി. സാക്ഷരതാ മിഷന്‍ രൂപവത്കരിച്ചപ്പോള്‍ തിരുവനന്തപുരം നഗരസഭയില്‍ സാക്ഷരതാ പ്രേരകായി പ്രവര്‍ത്തനം തുടങ്ങി. ഭര്‍ത്താവിന്റെ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ഈ മേഖലയില്‍ തുടര്‍ന്നത്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ്, ഏഴാം ക്ലാസ് തുല്യതാ പഠിതാക്കളെ പഠിപ്പിക്കുന്ന അധ്യാപികയാണ്. പോലീസില്‍ നിന്ന് വിരമിച്ച റസാലമാണ് ഭര്‍ത്താവ്. മൂന്ന് മക്കളില്‍ ഇളയ കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴാണ് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചത്. തൃക്കണ്ണാപുരത്ത് സാക്ഷരതാമിഷന്റെ ഭാഗമായുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തിലും മേഴ്‌സി പ്രവര്‍ത്തിക്കുന്നുണ്ട്.


More Citizen News - Thiruvananthapuram