സഹോദരനെ കൊന്ന സംഭവം; കൂട്ടുപ്രതി വിദേശത്തേക്ക് കടന്നു

Posted on: 08 Sep 2015വിഴിഞ്ഞം: സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. കൂട്ടുപ്രതി വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ആരോഗ്യദാസ് ചെന്നൈ വഴി വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു. യുവാവിനെ കൊലപ്പെടുത്താനായി വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യദാസിന്റെ ബൈക്കാണ് ഇയാളുടെ വീടിന്റെ പരിസരത്ത് ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ആരോഗ്യദാസ് ഷാജിയെ വീട്ടില്‍നിന്ന് ബൈക്കില്‍ കോവളത്തെ റിസോര്‍ട്ടില്‍ എത്തിച്ചെന്നാണ് പോലീസ് നിഗമനം.
പ്രതിയെ നാട്ടിലെത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കാനും ഇന്റര്‍പോളിന്റെ സഹായം തേടാനുമുള്ള നടപടി സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യദാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് പോലീസ് കണ്ടെടുത്തു. സംഭവത്തിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ട ഷാജിയുടെ ജ്യേഷ്ഠനുമായ സതീഷിനെ പോലീസ് നേരത്തെതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് കൊലക്കേസില്‍ ആരോഗ്യദാസിന്റെ പങ്ക് വെളിപ്പെട്ടത്. കഴിഞ്ഞ മാസം 18ന് പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയിലാണ് മുല്ലൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ സഹോദരന്‍ സതീഷാണ് കൊല ചെയ്തതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് കൊലപാതകം നടന്നത് വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നുകണ്ട് അന്വേഷണം വിഴിഞ്ഞം സി.ഐ. ഏറ്റെടുക്കുകയായിരുന്നു.

More Citizen News - Thiruvananthapuram