വ്യാപാര സ്ഥാപനം തകര്‍ത്ത ആര്‍.എസ്.എസ്സുകാരെ അറസ്റ്റ് ചെയ്യണം - വി.ശിവന്‍കുട്ടി എം.എല്‍.എ.

Posted on: 08 Sep 2015തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഗുണ്ടാപ്പിരിവും ഗുണ്ടായിസവും വിശ്വാസത്തിന്റെ പേര് പറഞ്ഞ് നടത്താനാണ് ആര്‍.എസ്.എസ്. - ബി.ജെ.പി. പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. ആരോപിച്ചു.
നീറമണ്‍കരയുള്ള ടി.വി.എസ്സിന്റെ ഷോറൂമില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഒരുകൂട്ടം ആര്‍.എസ്.എസ്സുകാര്‍ വന്ന് ശ്രീകൃഷ്ണജയന്തിയുടെ ശോഭായാത്രയുമായി ബന്ധപ്പെട്ട് 25000 രൂപ സംഭാവനയായി ആവശ്യപ്പെട്ടു. എന്നാല്‍ കടയുടമ 500 രൂപ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി ശിവന്‍കുട്ടി ആരോപിച്ചു.
രാത്രിയില്‍ ആര്‍.എസ്.എസ്സുകാര്‍ എത്തി കട അടിച്ചു തകര്‍ക്കുകയാണുണ്ടായതെന്നും പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ മൃദുസമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.
കുറ്റക്കാരെ എത്രയും വേഗം കണ്ടുപിടിച്ച് നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വ്യാപാരികളുമായി ചേര്‍ന്നുകൊണ്ട് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

More Citizen News - Thiruvananthapuram