വള്ളം പൊട്ടിപ്പൊളിഞ്ഞു; കന്നിപ്പുറം കടവില്‍ കടത്ത് നിലച്ചു

Posted on: 08 Sep 2015നെയ്യാറ്റിന്‍കര: വള്ളം പൊട്ടിപ്പൊളിഞ്ഞതുകാരണം കന്നിപ്പുറം കടവില്‍ കടത്ത് നിലച്ചു. ഇതുകാരണം ഇരുമ്പില്‍ പ്രദേശത്തുകാര്‍ക്ക് നഗരത്തിലെത്തണമെങ്കില്‍ ചുറ്റിക്കറങ്ങണം.
കോടതിറോഡ് അവസാനിക്കുന്ന ഭാഗത്താണ് കന്നിപ്പുറം കടവ്. ഇവിടെ ഒരാഴ്ചയിലേറെയായി കടത്ത് നിലച്ചിരിക്കുകയാണ്. നഗരസഭയാണ് ഇവിടെ കടത്ത് നടത്തുന്നത്. കടത്തിനായി ഉപയോഗിക്കുന്ന വള്ളം പൊട്ടിപ്പൊളിഞ്ഞതാണ് കടത്ത് നിലയ്ക്കാന്‍ കാരണം.
ഇരുമ്പില്‍ പ്രദേശത്തെ നെയ്യാറ്റിന്‍കര ടൗണുമായി ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗ്ഗമാണ് ഈ കടത്ത്. ദിവസവും നൂറുകണക്കിന് പേരാണ് ഇതിനെ ആശ്രയിച്ചിരുന്നത്.
ഇരുമ്പില്‍ ക്ഷേത്രത്തില്‍ പോകുന്നതും കടത്തിനെ ആശ്രയിച്ചായിരുന്നു. എന്നാല്‍, കടത്ത് നിലച്ചതോടെ ഈ നാട്ടുകാരുടെ ടൗണിലേക്കുള്ള യാത്രയും നിലച്ചിരിക്കുകയാണ്.
കന്നിപ്പുറം കടവില്‍ നെയ്യാറിന് കുറുകെയായി നടപ്പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നടപ്പാകുന്നില്ല. കന്നിപ്പുറത്ത് നടപ്പാലം നിര്‍മിക്കണമെന്ന് ഫ്രാന്‍ പ്രസിഡന്റ് എന്‍.ആര്‍.സി.നായരും ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാറും ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram