വഴിനീളെ ചവര്‍ കൂനകള്‍; നഗരസഭയുടെ മാലിന്യ സംസ്‌കരണം പാളുന്നു

Posted on: 08 Sep 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ മാലിന്യ സംസ്‌കരണ പരിപാടി പാളുന്നു. ചവര്‍ നീക്കം നിലച്ചതോടെ വഴിവക്കുകള്‍ മാലിന്യ കൂമ്പാരമായി മാറുകയാണ്. വഴിയില്‍ ചവര്‍കുന്നുകൂടുന്നത് കാരണം തെരുവു നായ്ക്കളുടെ ശല്യവും വര്‍ദ്ധിക്കുകയാണ്.
നെയ്യാറ്റിന്‍കര നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജീവനക്കാര്‍ ഉണ്ടെങ്കിലും മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല. നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം റോഡ് വക്കില്‍ കൂട്ടിയിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തെ ആറാലുംമൂട് ചന്തയ്ക്ക് പുറകില്‍ കൊണ്ടിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ ഇവിടെ കൊണ്ടിടുന്നത് നഗരസഭ നിര്‍ത്തി.
ഇപ്പോള്‍ നെയ്യാറ്റിന്‍കര ചമ്പ റോഡ് വക്കിലാണ് മാലിന്യം കൊണ്ടിടുന്നത്. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം കൊണ്ടിടുന്നത് കാരണം ഇവിടെ തെരുവു നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുകയാണ്. ജൈവമാലിന്യം തരംതിരിക്കാനാണ് ഇവിടെ മാലിന്യം കൊണ്ടുവരുന്നെന്നാണ് നഗരസഭയുടെ വാദം. എന്നാല്‍ ഇവിടെ ജൈവമാലിന്യം വേര്‍തിരിക്കല്‍ നടക്കുന്നില്ല.
നെയ്യാറ്റിന്‍കര നഗരസഭയില്‍ മാലിന്യ സംസ്‌കരണത്തിനായി യാതൊരു ബൃഹത് പദ്ധതിയും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പദ്ധതികള്‍ നടപ്പിലാക്കാനായി പല സ്ഥലങ്ങളും പരിഗണിച്ചെങ്കിലും പ്രദേശിക എതിര്‍പ്പുകളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമെന്ന ആശയം മുന്നോട്ട് വെച്ചെങ്കിലും ഇതുവരെ ഇത് നടപ്പിലാക്കാന്‍ നഗരസഭയ്ക്കായിട്ടില്ല.


More Citizen News - Thiruvananthapuram