നെയ്യാറ്റിന്‍കരയിലെ ട്രാഫിക് സിഗ്നല്‍ നിലംപൊത്തി

Posted on: 08 Sep 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് കവലയില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നല്‍ലൈറ്റ് നിലംപൊത്തി. ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച ലൈറ്റിന്റെ അടിഭാഗം തുരുമ്പെടുക്കുകയായിരുന്നു.
അഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് ട്രാഫിക് സിഗ്നല്‍ലൈറ്റ്. തുടക്കത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തനരഹിതമായി. പ്രവര്‍ത്തനരഹിതമായതിന് ശേഷം ലൈറ്റ് നന്നാക്കുന്നതിന് പോലീസോ, നഗരസഭയോ നടപടി എടുത്തിരുന്നില്ല.
ദേശീയപാതയില്‍ ബസ് സ്റ്റാന്‍ഡ് കവലയില്‍ സ്ഥാപിച്ച സിഗ്നല്‍ ഗതാഗതനിയന്ത്രണത്തിന് ഏറെ സഹായകരമായിരുന്നു. തിരുവനന്തപുരം, കളിയിക്കാവിള, പൂവാര്‍ റോഡുകള്‍ വന്നുചേരുന്നിടത്താണ് ഇത് സ്ഥാപിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡിലേക്ക് കയറണമെങ്കിലും ഈ കവല വഴിയാണ് പോകേണ്ടത്. ഇവിടെ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. ഇതിനിടയിലാണ് ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച സിഗ്നല്‍ലൈറ്റ് നിലംപതിച്ചത്. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സേവനം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.


More Citizen News - Thiruvananthapuram