മണ്ണാംമൂലയില്‍ കുടില്‍കെട്ടി സമരം ശക്തമായി

Posted on: 07 Sep 2015പേരൂര്‍ക്കട: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് വീടുെവച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണ്ണാംമൂലയില്‍ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന
കുടില്‍കെട്ടി സമരം ശക്തമായി. തിങ്കളാഴ്ച പ്രശ്‌നത്തിന് തീരുമാനമുണ്ടാകാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. നൂറോളം കുടിലുകളാണ് ഇവിടെ കെട്ടിയിരിക്കുന്നത്. കൂടുതല്‍ കുടിലുകള്‍ കെട്ടരുതെന്ന് പോലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂമിയില്ലാത്ത നിരവധിപേര്‍ കുടില്‍ കെട്ടാനായി സമരസ്ഥലത്ത് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുനൂറിലേറെപ്പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് വീട് വെയ്ക്കുന്നതിനായി വാങ്ങിയ സ്ഥലത്ത് 17 വര്‍ഷമായി നഗരസഭ ഒന്നും ചെയ്യാത്തതാണ് സമരത്തിന് കാരണമായത്. ബി.എസ്.പി. കാന്‍ഷിറാം വിഭാഗത്തിന്റെയും അംബേദ്കര്‍ െഡമോക്രാറ്റിക് പാര്‍ട്ടിയുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഇവിടെ കെട്ടിട നിര്‍മാണം ആരംഭിച്ചാലല്ലാതെ ഇവിടെനിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. ഇതിനിടെ കുടില്‍കെട്ടി സമരത്തിന് പിന്തുണയുമായി ബി.ജെ.പി.യും സാംബവ ക്ഷേമസഭയും രംഗത്തെത്തി. കുടില്‍ കെട്ടിയ സ്ഥലത്ത് സമരക്കാര്‍ പേരുമിട്ടു. മഹാത്മ അയ്യങ്കാളി ഗാര്‍ഡന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്.
കൂടുതല്‍ സമരക്കാര്‍ ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പേരൂര്‍ക്കട സി.ഐ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചര്‍ച്ച സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

More Citizen News - Thiruvananthapuram