നെടുമങ്ങാട് ചെറുമഴയത്തും വെള്ളപൊക്കം

Posted on: 07 Sep 2015നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലും, ആനാട്, പനവൂര്‍ പഞ്ചായത്തുകളിലും വെള്ളപ്പൊക്കം മൂലം നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പാലോട് രവി എം.എല്‍.എ. ആവശ്യപ്പെട്ടു. ദുരിതം നടന്ന സ്ഥലങ്ങളിലെത്തി റവന്യൂ അധികൃതര്‍ നഷ്ടത്തിന്റെ കണക്കെടുത്തു. വീടും, വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍, കല്യാണ മണ്ഡപങ്ങളില്‍ നിന്ന് വന്‍ നഷ്ടമുണ്ടായവര്‍, വാഹനങ്ങളും വളര്‍ത്തു മൃഗങ്ങളും നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കെല്ലാം നഷ്ട പരിഹാരം നല്‍കാന്‍ നടപടി വേണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. കല്ലിംഗല്‍ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ പൊതുമരാമത്ത്, നഗരസഭ, വാട്ടര്‍ അതോറിറ്റി, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു കൂട്ടി അടച്ച ഓടകള്‍ തുറക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും പാലോട് രവി എം.എല്‍.എ. പറഞ്ഞു.
വയല്‍ നികത്തല്‍, നീര്‍ത്തടങ്ങള്‍ നികത്തല്‍

നെടുമങ്ങാട്:
നെടുമങ്ങാട് നഗരത്തില്‍ ചെറുമഴയത്ത് പോലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടാകുന്ന അവസ്ഥ. അനധികൃത ൈകയേറ്റവും നിര്‍മാണങ്ങളും, നിയന്ത്രണമില്ലാത്ത വയല്‍ നികത്തലും, തോടുകള്‍ നികത്തി റോഡുണ്ടാക്കിയതും വെള്ളത്തിന് ഒഴുകി പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. നെടുമങ്ങാട് നഗരത്തിലൂടെ കടന്നു പോകുന്ന കിള്ളിയാറിന് നാല്പത്തൊന്ന് മീറ്ററിലധികം വീതിയാണ് രേഖകളിലുള്ളത്. എന്നാല്‍ കിള്ളിയാറിന് ചില സ്ഥലങ്ങളില്‍ അഞ്ച് മീറ്റര്‍ വീതി പോലുമില്ല. കിള്ളിയാറിന്റെ തീരത്ത് ആനാട് മുതല്‍ കരകുളം വരെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായ ൈകയേറ്റങ്ങളാണ് നടന്നിരിക്കുന്നത്. ൈകയേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ ഒത്താശയുണ്ടായിരുന്നതായി ആരോപണമുണ്ട്.
കല്ലിംഗല്‍, കരുപ്പൂര്, പഴകുറ്റി, വേങ്കവിള തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന വ്യാപക മണ്ണിടിച്ചിലും വയല്‍ നികത്തലും കാരണം കിള്ളിയാറില്‍ നിന്നെത്തുന്ന വെള്ളത്തിന് ഒലിച്ചു പോകാനുള്ള വഴികളടഞ്ഞു. കല്ലിംഗലില്‍ നിലവിലുണ്ടായിരുന്ന ഓട അടച്ചതും, ഒരു തോട് നികത്തി കോയിക്കല്‍ റോഡ് നിര്‍മിച്ചതും, തൊട്ടടുത്ത കുളം നികത്തിയതും ആ ഭാഗത്ത് വന്‍ നാശത്തിനിടയാക്കി. മണ്ണിടിച്ചിലും വയല്‍ നികത്തലും കൈയേറ്റവും കൂടി വന്നതനുസരിച്ച് നെടുമങ്ങാട്ടെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ഇല്ലാതായി.
നഗരത്തിലെത്തുന്ന വെള്ളം ഒലിച്ചു പോകാന്‍ പുതിയ സംവിധാനങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ മഴക്കാലം നെടുമങ്ങാടിന് വന്‍ നാശനഷ്ടങ്ങളായിരിക്കും നല്‍കുന്നത്.

More Citizen News - Thiruvananthapuram