മരുതംകുഴിയില്‍ താത്കാലിക ബണ്ട് തകര്‍ന്നു

Posted on: 07 Sep 2015ഇരുന്നൂറിലധികം വീടുകളില്‍ വെള്ളം കയറി
വട്ടിയൂര്‍ക്കാവ്:
മരുതംകുഴിയില്‍ കാടുവെട്ടി അണയ്ക്കു സമീപം താത്കാലികബണ്ട് തകര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. റിവര്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍, മരുതംകുഴി റസിഡന്റ്‌സ് അസോസിയേഷന്‍, എം.കെ.പി. നഗര്‍ എന്നീ ഭാഗങ്ങളിലാണ് അപകടകരമാംവിധം വെള്ളം ഉയര്‍ന്നത്. റിവര്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാഗത്ത് മുഴുവന്‍ വീടുകളിലും വെള്ളം കയറി. വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ട പലരെയും റബ്ബര്‍ ബോട്ടുകളിലാണ് പുറത്തേക്ക് എത്തിച്ചത്.
കിഴക്കന്‍ മേഖലയിലെ കനത്ത മഴയെ തുടര്‍ന്ന് കിള്ളിയാര്‍ കരകവിഞ്ഞൊഴുകിയിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കാടുവെട്ടി അണക്ക് സമീപത്തെ മണല്‍ ചാക്കുകള്‍ നിറച്ച് നിര്‍മ്മിച്ച താത്കാലിക ബണ്ട് പൊട്ടി. ഇതേത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയത്. പിന്നീട് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം വ്യാപിക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലെല്ലാം വെള്ളംകയറി.
ചില വീടുകളില്‍ താഴത്തെനില മുങ്ങുന്ന തരത്തില്‍ വെള്ളം നിറഞ്ഞു. മിക്ക വീടുകളിലും വീട്ടുപകരണങ്ങള്‍ നശിച്ചു. വീടുകള്‍ക്ക് ചുറ്റും വളരെ പെട്ടെന്ന് വെള്ളം ഉയര്‍ന്നതിനാല്‍ പലരും പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ടു. ഇവരെ ഫയര്‍ ഫോഴ്‌സിന്റെ ഫൈബര്‍ ബോട്ടുകളിലാണ് പുറത്തെത്തിച്ചത്. പല വീടുകളിലും ഉേദ്യാഗസ്ഥരും നാട്ടുകാരും ഭക്ഷണസാധനങ്ങളുമെത്തിച്ചു. ഉച്ചകഴി ഞ്ഞതോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് ബണ്ട് പൊട്ടുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പരാതി ഉയര്‍ന്നപ്പോള്‍ ഇവിടെ മണല്‍ ചാക്കുകള്‍ നിറച്ച് ബണ്ട് ബലപ്പെടുത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. ശക്തമായ ഒഴുക്കും, കിള്ളിയാറിന്റെ ഈ ഭാഗത്തുള്ള വളവും, അശാസ്ത്രീയമായ തടയണയുമാണ് തുടര്‍ച്ചയായി ബണ്ട് പൊട്ടാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
ബണ്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ചതന്നെ ആരംഭിക്കുമെന്ന് സ്ഥലത്തെത്തിയ കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. തുടര്‍ച്ചയായി വെള്ളം കയറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടും പരിഹരിക്കാന്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ മരുതംകുഴി ജങ്ഷനില്‍ റോഡും ഉപരോധിച്ചു.
മരുതംകുഴിയില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് മേയര്‍ കെ. ചന്ദ്രിക, കളക്ടര്‍ ബിജു പ്രഭാകര്‍, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

More Citizen News - Thiruvananthapuram