നീറമണ്‍കരയില്‍ ബൈക്ക് വില്‍പ്പന കേന്ദ്രത്തിന് നേരെ ആക്രമണം

Posted on: 07 Sep 2015നേമം: നീറമണ്‍കരയില്‍ ബൈക്ക് വില്‍പ്പന കേന്ദ്രത്തിന് നേരെ ആക്രമണം. കതിരേശന്റെ ഉടമസ്ഥതയിലുള്ള ടി.വി.എസ്. കതിര്‍ എന്ന സ്ഥാപനത്തിന്റെ മുന്‍വശത്തെ കണ്ണാടി ചില്ലുകളാണ് ഒരു സംഘം തകര്‍ത്തത്. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. കാവല്‍ക്കാരന്‍ ഉണ്ടായിരുന്നെങ്കിലും ഭീഷണിപ്പെടുത്തിയ ശേഷമാണ് പതിനഞ്ചോളം വരുന്ന സംഘം അക്രമം നടത്തിയതെന്ന് കരമന പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ നീറമണ്‍കര മുതല്‍ പാപ്പനംകോട് വരെ കടകളടച്ച് ഹര്‍ത്താല്‍ നടത്തും.
അക്രമത്തില്‍ 7 ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഉടമസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പിരിവ് ചോദിച്ചെത്തിയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതിനാല്‍ ഇവര്‍ ഭീഷണിപ്പെടുത്തിയതായും സ്ഥാപന ഉടമ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പതിനഞ്ചോളം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കരമന പോലീസ് കേസെടുത്തു. അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഡി.സി.സി. പ്രസിഡന്റ് കരംകുളം കൃഷ്ണപിള്ള, കോണ്‍ഗ്രസ് നേമം ബ്ലോക്ക് പ്രസിഡന്റ് കൈമനം പ്രഭാകരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, കരമന ജയന്‍, പാപ്പനംകോട് സജി, വ്യാപാരി-വ്യവസായി ഏകോപന സമിതി നേതാക്കള്‍ തുടങ്ങിയവര്‍ അക്രമം നടന്ന സ്ഥാപനം സന്ദര്‍ശിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരല്ലെന്ന് ബി.ജെ.പി. നേമം മണ്ഡലം പ്രസിഡന്റ് എം.ആര്‍.ഗോപന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram