കനത്ത മഴയില്‍ നെടുമങ്ങാട് വെള്ളത്തില്‍ മുങ്ങി

Posted on: 07 Sep 2015ശനിയാഴ്ച വൈകീട്ട് തുടങ്ങിയ മഴ ഞായറാഴ്ച പുലര്‍ച്ചവരെ നീണ്ടു
പഴകുറ്റിയില്‍ വി.വി. കല്യാണമണ്ഡപത്തില്‍ വെള്ളം കയറി സദ്യയ്‌ക്കൊരുക്കിയ വിഭവങ്ങള്‍ ഒഴുകിപ്പോയി
ഗ്രീന്‍ലാന്റ് കല്യാണമണ്ഡപത്തില്‍ സദ്യയ്ക്കായി എത്തിച്ച സാധനങ്ങള്‍ ഒഴുകിപ്പോയി
കല്ലിങ്ങലില്‍ സ്ഥാപനങ്ങളില്‍ വെള്ളം കയറി; വീടുകള്‍ക്കും നാശനഷ്ടം
ആനാട് ഓയില്‍ മില്ലില്‍ നിന്ന് എണ്ണായിരത്തോളം തേങ്ങ ഒഴുകിപ്പോയി
ആനാട് മൃഗാശുപത്രിയില്‍ മൂന്നുലക്ഷം രൂപയുടെ മരുന്ന് നശിച്ചു
നിരവധി റോഡുകളും വീടുകളുടെ മതിലുകളും തകര്‍ന്നു

നെടുമങ്ങാട്:
ശനിയാഴ്ച രാത്രിയില്‍പെയ്ത കനത്ത മഴയില്‍ നെടുമങ്ങാടും പരിസരപ്രദേശങ്ങളും വെള്ളത്തിലായി. പുലര്‍ച്ചെ ഒന്നരയോടെ കിള്ളിയാറിന്റെ തീരങ്ങള്‍ കരകവിഞ്ഞ് ഒഴുകിയുണ്ടായ വെള്ളം വിതച്ച നാശനഷ്ടത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ശനിയാഴ്ച വൈകുന്നേരം പെയ്തുതുടങ്ങിയ മഴ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. പഴകുറ്റിയില്‍ കിള്ളിയാര്‍ കവിഞ്ഞൊഴുകി വി.വി.കല്യാണമണ്ഡപത്തിന്റെ മതില്‍ തകര്‍ത്ത് വെള്ളം ഊട്ടുപുരയിലേക്ക് തള്ളിക്കയറി. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ സദ്യയ്ക്കായി ഒരുക്കിയിരുന്ന വിഭവങ്ങളെല്ലാം ഒലിച്ചുേപായി. മണ്ഡപത്തിലെ പാത്രങ്ങളും സദ്യവട്ടത്തിനുള്ള സാധനങ്ങളും കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടു.
വിഭവങ്ങള്‍ നഷ്ടമായതോടെ ഞായറാഴ്ച ഇവിടെ വിവാഹത്തിനെത്തിയവര്‍ക്ക് മണ്ഡപമുറ്റത്ത് ചായയുണ്ടാക്കി നല്‍കി. ഒടുവില്‍ മണ്ഡപം ഉടമയുടെ കൈയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാനായി വീട്ടുകാര്‍ പാചകപാത്രങ്ങള്‍ നിരത്തി റോഡ് ഉപരോധവും നടത്തി. നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്‍മേല്‍ ഇവര്‍ പിരിഞ്ഞുപോവുകയായിരുന്നു. നെടുമങ്ങാട് കല്ലിംഗല്‍ ഭാഗത്ത് വെള്ളം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇറങ്ങിയിട്ടില്ല. കല്ലിംഗല്‍ തോട്ടിലെ വെള്ളത്തില്‍ തൊട്ടടുത്തുള്ള മാതൃഭൂമി കരുപ്പൂര് ഏജന്റ് സലിം, തൊട്ടടുത്ത് കുളപ്പള്ളി രവീന്ദ്രന്‍, വിജയന്‍ എന്നിവരുടെ വീടുകള്‍, വര്‍ക്ക് ഷോപ്പുകള്‍, നിരവധി കച്ചവട സ്ഥാപനങ്ങള്‍ എന്നിവ മുങ്ങി. കല്ലിംഗല്‍ ഓട്ടോമൊബൈല്‍സിന്റെ ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളുടെ വിലപ്പെട്ട രേഖകള്‍ വെള്ളംകയറി നശിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വിതരണശാലയുടെ താഴത്തെ നില, പാറോട് ക്ഷേത്രത്തിന് സമീപം രണ്ട് വീടുകള്‍, വാണ്ട പനച്ചമൂട്ടില്‍ രണ്ട് വീടുകളും ഒരു വീടിന്റെ മതിലും തകര്‍ന്നു.
ഗ്രീന്‍ലാന്‍ഡ് കല്യാണമണ്ഡപത്തില്‍ സദ്യയ്ക്കായി ഒരുക്കിയിരുന്ന സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. മണ്ഡപത്തിന്റെ ഒരുവശത്തെ മതിലിടിഞ്ഞ് വെള്ളം തൊട്ടടുത്തുള്ള സലിമിന്റെ വീട്ടിലേക്ക് പാഞ്ഞതോടെ റോഡും വെള്ളത്തിനടിയിലായി. കല്ലിംഗല്‍ ഭാഗത്തു നിന്നും മേലാങ്കോട് തോട്ടിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്ന ഭാഗത്തെ ഓട അടച്ചതാണ് ഇവിടെ ഇത്രയും ഉയരത്തില്‍ വെള്ളം കയറാനിടയാക്കിയത്.
ആനാട് പഞ്ചായത്തിലെ നാഗച്ചേരി, ബാങ്ക് ജങ്ഷന്‍ ഭാഗങ്ങളില്‍ പുലര്‍ച്ചെ രണ്ടുമണിമുതല്‍ ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചുതുടങ്ങി. ബാങ്ക് ജങ്ഷനിലെ മാളു ഓയില്‍ മില്‍സില്‍ നിന്നും എണ്ണായിരം തേങ്ങയും മൂന്നു ബാരല്‍ എണ്ണയും, രണ്ട് ടണ്‍പിണ്ണാക്കും ഒലിച്ചുപോയി. ഓയില്‍ മില്ലിലെ യന്ത്രങ്ങള്‍ വെള്ളം കയറി നശിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി മില്‍ ഉടമ മണികണ്ഠന്‍ പറഞ്ഞു. ആനാട്, നാഗച്ചേരി ഭാഗത്ത് പത്തിലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ആനാട് മൃഗാശുപത്രി കെട്ടിടം മുഴുവന്‍ വെള്ളം കയറി നശിച്ചു. രണ്ട് ദിവസം മുന്‍പ് മൂന്ന് ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് വാങ്ങി നല്‍കിയ മരുന്ന് മുഴുവന്‍ വെള്ളം കയറി നശിച്ചു. പനവൂര്‍ പഞ്ചായത്തിലെ കേതകുളങ്ങര ചെമ്പന്‍കോട് പാലക്കുഴി വീട്ടില്‍ ശിവന്റെ വീടിന് മുന്നിലിരുന്ന ഒരു ബൈക്കും, ഓട്ടോറിക്ഷയും, ശിവന്റെ കോഴിഫാമിലെ മൂവായിരം കോഴികളും ഒലിച്ചുപോയി. കല്ലിംഗല്‍ -പഴകുറ്റി റോഡില്‍ വെള്ളം നിറഞ്ഞൊഴുകി .
ചുള്ളിമാനൂരില്‍ പേരില -മുക്കാംതോട് തോട് ഇടിഞ്ഞു വീണതോടെ തോട്ടിലെ വെള്ളം റോഡിലേക്കൊഴുകി. തോട്ടിലെ വെള്ളവും ചെളിയും റോഡിലേക്കൊഴുകിയതോടെ നെടുമങ്ങാട് - ഐ.എസ്. ആര്‍.ഒ. റോഡ് തകര്‍ന്നു. റോഡ് അടിയന്തര പ്രാധാന്യത്തോടെ ഞായറാഴ്ച തന്നെ പുനഃക്രമീകരിക്കാനുള്ള പണി ആരംഭിച്ചു.
പത്താംകല്ല്, പതിനൊന്നാംകല്ല്, കല്ലംമ്പാറ, പഴകുറ്റി പ്രദേശങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി.

More Citizen News - Thiruvananthapuram