പോലീസുകാരനെ ആക്രമിച്ചെന്ന കേസില്‍ മന്ത്രിയുടെ മുന്‍ സ്റ്റാഫ് അംഗത്തെ അറസ്റ്റ് ചെയ്തു

Posted on: 07 Sep 2015കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷന്‍ ഉപരോധിച്ചു
നെയ്യാറ്റിന്‍കര:
ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് മന്ത്രിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫിനെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റു ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് നേതാവായ ബാലരാമപുരം കരിംപ്ലാവിള ശ്യാം ഭവനില്‍ വിപിന്‍ ജോസിനെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷന്‍ ഉപരോധിച്ചു. ഒടുവില്‍ ശ്യാമിനെതിരെ കേസ് എടുത്ത ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു വിപിന്‍ ജോസ്. ശനിയാഴ്ച രാത്രി നെയ്യാറ്റിന്‍കര മുനിസിപ്പല്‍ മൈതാനത്തിന് സമീപം ജോലി നോക്കിയിരുന്ന എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ അരുണിനെ മര്‍ദിച്ചെന്ന പരാതിയിലാണ് വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വെച്ച് വിപിനെയും ഒപ്പമുണ്ടായിരുന്ന ശ്രീമുരുകനെയും പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് ഞായറാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു.
ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടക്കുന്നതിനാല്‍ ബൈക്കിലെത്തിയ പോലീസുകാരന്‍ വിപിനോട് വഴിതിരിഞ്ഞ് പോകാന്‍ നിര്‍ദേശിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വിപിന്റെ മര്‍ദനമേറ്റ് പോലീസുകാരനായ അരുണിന് പരിക്കേല്‍ക്കുകയും യൂണിഫോം കീറിപ്പോകുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് വിപിന്‍ ജോസിനെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയില്‍ വെച്ച് പോലീസ് ക്രൂരമായി മര്‍ദിച്ചതായി വിപിന്‍ ജോസ് തന്നെ സ്റ്റേഷനില്‍ വന്നുകണ്ട കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് നേതാക്കള്‍ ഉപരോധ സമരവുമായി രംഗത്തുവന്നത്. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.വിന്‍സെന്റ്, എം.എ.ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഉപരോധമേര്‍പ്പെടുത്തിയത്.
യൂത്ത്‌കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന വിപിന്‍ ജോസ് ഏതാനും ദിവസം മുന്‍പാണ് മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ചത്. വിപിന്‍ ജോസിനെയും ഒപ്പമുണ്ടായിരുന്ന ശ്രീമുരുകനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ അരുണിനെ പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Thiruvananthapuram