ജനത്തെ വലച്ച് അപ്രഖ്യാപിത വൈദ്യുതി മുടക്കം

Posted on: 07 Sep 2015കല്ലമ്പലം: അപ്രഖ്യാപിത വൈദ്യുതിമുടക്കം ജനത്തെ വലയ്ക്കുന്നതായി പരാതി. കല്ലമ്പലം, നാവായിക്കുളം, തോട്ടയ്ക്കാട്, മണമ്പൂര്‍, പുതുശ്ശേരിമുക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസ്സം ഉള്ളതായി പരാതി ഉയര്‍ന്നിട്ടുള്ളത്. കല്ലമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ സബ് എന്‍ജിനിയര്‍ ഓഫീസ് ഉണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.
ഒന്നും രണ്ടും മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി തടസ്സം ഉണ്ടാകുന്നത് വ്യാപാര സ്ഥാപനങ്ങളെയും അക്ഷയകേന്ദ്രങ്ങള്‍, ബാങ്കുകള്‍, തദ്ദേശീയസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഓരോ ആവശ്യങ്ങള്‍ക്കായി ഈ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതുജനത്തിന് വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ തിരിച്ചുപോകേണ്ട ഗതികേടാണ് നിലവിലുള്ളത്.
വൈദ്യുതി തടസ്സം കെ.എസ്.ഇ.ബി.യെ അറിയിച്ചാല്‍ തന്നെ നടപടി വളരെ മന്ദഗതിയിലാണ്. സ്‌കൂളുകളില്‍ ഓണത്തിന് ശേഷമുള്ള പരീക്ഷകള്‍ നടക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വളരെ പരിതാപകരമാണ്. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

More Citizen News - Thiruvananthapuram