അതിര്‍ത്തി ഗ്രാമത്തിന് അവഗണന മാത്രം

Posted on: 07 Sep 2015കല്ലറ: അതിര്‍ത്തികളുടെ ഗ്രാമം എന്നറിയപ്പെടുന്ന മുണ്ടോണിക്കരയ്ക്ക് അവഗണനമാത്രം. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതിനൊപ്പം നെടുമങ്ങാട്, ചിറയിന്‍കീഴ്, കൊട്ടാരക്കര താലൂക്കുകളെയും കല്ലറ, പാങ്ങോട്, പുളിമാത്ത്, കുമ്മിള്‍ എന്നീ നാല് പഞ്ചായത്തുകളുടെ അതിര്‍ത്തികളും സംഗമിക്കുന്ന ഗ്രാമമാണ് മുണ്ടോണിക്കര.
ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളെയും ആറ്റിങ്ങല്‍, വാമനപുരം, ചടയമംഗലം എന്നീ അസംബ്ലി മണ്ഡലങ്ങളുടെയും അതിര്‍ത്തിയാണിവിടം. കിളിമാനൂര്‍, പാങ്ങോട്, കടയ്ക്കല്‍ പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി വേര്‍തിരിക്കുന്നതും ബന്ധിപ്പിക്കുന്നതുമൊക്കെ മുണ്ടോണിക്കരയിലുള്ള ഒരു നടപ്പാലമാണ്.
ജില്ലകളുടെയും പഞ്ചായത്തുകളുടെയും ബ്ലോക്കുകളുടെയുമൊക്കെ 'അതിര്‍ത്തി' ആയതുകൊണ്ടുതന്നെ വികസനകാര്യത്തിലും മുണ്ടോണിക്കര ഗ്രാമം അവഗണന നേരിടുകയാണ്.
വികസനകാര്യത്തില്‍ ഈ ഗ്രാമത്തെ അതിര്‍ത്തികള്‍ക്ക് പുറത്താക്കിയിരിക്കുകയാണ്. പുളിമാത്ത്-കല്ലറ ഭാഗത്തുകൂടെയുള്ള റോഡിന്റെ ഭാഗം ടാറിങ് നടത്തിയപ്പോള്‍ ബാക്കിയുള്ള ഭാഗം കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ഇത് മുഴുവനായും ടാറിങ് നടത്തിയാല്‍ മുണ്ടോണിക്കര-ശരവണ ജങ്ഷന്‍ വരെയുള്ള ഗതാഗതം സുഗമമാകും.
മുണ്ടോണിക്കര-കുളമാന്‍കുഴി റോഡിന്റെ കാര്യത്തിലാണ് ഏറ്റവും വലിയ അനീതി നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു നാടിന് ഏറെ പ്രയോജനപ്പെടുമായിരുന്ന രീതിയില്‍ പാലം നിര്‍മിക്കാതിരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

More Citizen News - Thiruvananthapuram