ജനങ്ങള്‍ക്ക് ശല്യമായി നെല്ലിമൂട് ചന്തയിലെ മാലിന്യ ബയോഗ്യാസ് പദ്ധതി

Posted on: 07 Sep 2015നെല്ലിമൂട്: നെല്ലിമൂട് ചന്തയിലെ മാലിന്യ ബയോഗ്യാസ് പദ്ധതി പാളി നാട്ടുകാര്‍ക്ക് ഉപദ്രവമായി മാറി. ചന്തയിലേയും സമീപപ്രദേശങ്ങളിലേയും മാലിന്യം സംസ്‌കരിച്ച് അതില്‍നിന്ന് ബയോഗ്യാസ് നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണത്താല്‍ പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി ഉപയോഗശൂന്യമായി.
പദ്ധതിക്കായി നിര്‍മിച്ച ടാങ്കില്‍ മാലിന്യം നിറഞ്ഞു. മാംസാവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് പ്രദേശത്താകെ ദുര്‍ഗന്ധമായി. ഇവയില്‍നിന്നുള്ള പുഴുക്കള്‍ ചന്തയിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞു. ഇത് രോഗഭീതി ഉയര്‍ത്തുന്നതായും ജനങ്ങള്‍ പറയുന്നു. അതിയന്നൂര്‍ പഞ്ചായത്ത് എട്ട് വര്‍ഷം മുന്‍പാണ് പദ്ധതി തുടങ്ങിയത്. മാലിന്യം നിറഞ്ഞ ടാങ്കിന്റെ ഇരുന്നുറ് മീറ്റര്‍ ദൂരം ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ നില്‍ക്കാനാവാത്ത സ്ഥിതിയിലാണ്.
ദിവസവും നൂറ്കണക്കിന് ആളുകളാണ് ചന്തയിലെത്തുന്നത്. നെല്ലിമൂട് ദേശസ്‌നേഹി ഗ്രന്ഥശാല ഇതുസംബന്ധിച്ച് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് നിരവധി പരാതികളും നല്‍കി.

More Citizen News - Thiruvananthapuram