കന്യാകുമാരിയില്‍ ഒരു ചരിത്രസ്മാരകം കൂടി നിലംപതിക്കുന്നു

Posted on: 07 Sep 2015തെക്കന്‍ തേവന്‍ചേരിയില്‍ കോയിക്കല്‍ കൊട്ടാരം എന്നപേരില്‍ അറിയപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ചരിത്രപ്രധാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതുമായ ഇരണിയല്‍ കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. തിരുവിതാംകൂര്‍ രാജഭരണകാലത്തെ ചരിത്രപ്രധാനമായ സ്മാരകങ്ങള്‍ പലതും മണ്‍മറഞ്ഞ കന്യാകുമാരിയില്‍ ഇരണിയല്‍ കൊട്ടാരവും നാശത്തിന്റെ വക്കിലാണ്.
17-ാം നൂറ്റാണ്ടിന്റെ ഒന്നാംപകുതി വരെ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന ഇരണിയലിലെ കൊട്ടാരത്തിന് പദ്മനാഭപുരം കൊട്ടാരത്തേക്കാളും ചരിത്രപ്രാധാന്യം ഉള്ളതായി ചരിത്ര ഗവേഷകന്‍മാര്‍ പറയുന്നു.

1629-ല്‍ വേണാടിന്റെ തലസ്ഥാനം പദ്മനാഭപുരത്തിലേക്ക് പൂര്‍ണമായി മാറ്റിയ ശേഷവും രണ്ടാം ഭരണകേന്ദ്രമായി ഇരണിയല്‍ കൊട്ടാരം നിലനിന്നിരുന്നു. 1799-ല്‍ വേലുതമ്പി ദളവയുടെ നേതൃത്വത്തില്‍ നടന്ന നവോഥാന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ കേന്ദ്രമായതും ഇരണിയല്‍ കൊട്ടാരമാണ്. മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ പടിപ്പുരയും കുതിരമാളികയും വസന്തമണ്ഡപവും ഉള്‍പ്പെട്ട കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍, വസന്തമാളികയ്ക്കുള്ളിലെ വെണ്ണക്കല്‍ നിര്‍മിതമായ അത്ഭുത മഞ്ചം ഇന്നും കാഴ്ചക്കാര്‍ക്ക് വിസ്മയമാണ്. ഇതിലെ കൊത്തുപണികളും ശോഭയും കാണുമ്പോള്‍ ചരിത്രരേഖകളില്‍ പറയുന്ന പഴമ അംഗീകരിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല.

തക്കലയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ മാറിയാണ് ഇരണിയല്‍. ഇരണിയല്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിന് സമീപമായി ഒരു മതില്‍കെട്ടുണ്ട്. ഇതിനുള്ളിലാണ് ചരിത്രസ്മരണകള്‍ ഉറങ്ങുന്ന കൊട്ടാരം.കല്‍നിര്‍മിതമായ പടിക്കെട്ടുകള്‍ കയറി കൊട്ടാരത്തിനടുത്ത് എത്തുമ്പോള്‍ കുറ്റിക്കാടുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരങ്ങളും നമ്മെ വരവേല്‍ക്കും. കൊട്ടാരത്തിന്റെ പ്രധാന ഭാഗം ഇന്ന് സ്മാരകമായി തന്നെ നിലനില്‍ക്കുന്നു.

നാലുകെട്ടിന്റെ ഭൂരിഭാഗവും തകര്‍ന്നനിലയില്‍. മേല്‍ക്കൂര അസ്ഥികൂടംപോലെ നിലനില്‍ക്കുന്നു. ദയനീയമായ ഈ കെട്ടിടത്തിന് പിന്‍ഭാഗത്തായാണ് വസന്തമാളിക. പേര് മാത്രം പറയാവുന്ന നിലയില്‍ തകര്‍ന്നുകഴിഞ്ഞ വസന്തമാളികയില്‍ അവശേഷിക്കുന്ന കൊത്തുപണികളും വാസ്തുരൂപങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. മേല്‍ക്കൂര തകര്‍ന്ന് നിലംപതിച്ചിരിക്കുന്നു. ഇതിനുള്ളില്‍ ഒറ്റക്കല്ലില്‍ കൊത്തുപണികളോടെ നിര്‍മിതമായ മഞ്ചം കാണാം.

കൊട്ടാരവളപ്പിനെ അയല്‍വാസികള്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഇടുന്ന സ്ഥലമാക്കി മാറ്റിയിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ അധീനതയില്‍ വന്നതാണ് കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണായിരുന്ന കൊട്ടാരത്തിന്റെ ചുമതല ഇപ്പോള്‍ ഹിന്ദു റിലീജയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനാണ്.
അവഗണനയില്‍ നിലംപതിക്കാറായ കൊട്ടാരം നേരിട്ട് സന്ദര്‍ശിച്ച മുന്‍ ജില്ലാകളക്ടര്‍ എസ്.നാഗരാജന്‍ സ്മാരകം നിലനിത്താന്‍ ചില ശ്രമങ്ങള്‍ നടത്തി. മുഖ്യമന്ത്രിക്ക് നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്ത കളക്ടറുടെ ശ്രമഫലമായി 2014-ല്‍ സ്മാരകം സംരക്ഷിക്കാന്‍ മൂന്ന് കോടി 85 ലക്ഷം രൂപ മുഖ്യമന്ത്രി അനുവദിച്ചു.
സംരക്ഷണ നടപടികള്‍ക്കായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ കളക്ടര്‍ എസ്.നാഗരാജന്‍ മദ്രാസിലേക്ക് മറ്റൊരു വകുപ്പിലേക്ക് മാറി. തുടര്‍ന്ന് എത്തിയ കളക്ടറോ എച്ച്.ആര്‍. ആന്‍ഡ് സി. അധികൃതരോ ജനപ്രതിനിധികളോ തടസ്സപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നടപടിയെടുത്തില്ല. ദിവസങ്ങള്‍ കഴിയുംതോറും സ്മാരകത്തിന്റെ ശേഷിപ്പുകള്‍ നഷ്ടമാകുന്നു.
ഇപ്പോള്‍ നിലനില്‍ക്കുന്ന ഭാഗങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ചരിത്രസ്മാരക മ്യൂസിയമായി ഇരണിയല്‍ കൊട്ടാരത്തെ നിലനിര്‍ത്താന്‍ ശ്രമം ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇവിടെ എത്തുന്ന ചരിത്രഗവേഷകന്മാര്‍.

More Citizen News - Thiruvananthapuram