കുന്നത്തുകാല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടല്‍ പതിവാകുന്നു

Posted on: 07 Sep 2015അരുവിയോടില്‍ വിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം പാഴായി ഒഴുകുന്നു

വെള്ളറട:
കുന്നത്തുകാല്‍ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്നു. ഒന്നര മാസത്തിനുള്ളില്‍ പഴയതും പുതിയതുമായ പദ്ധതിയുടെ വിതരണക്കുഴലുകള്‍ പൊട്ടിയത് 10ലേറെ സ്ഥലങ്ങളില്‍. അരുവിയോട് ജങ്ഷനുസമീപം കുഴല്‍ പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാര നടപടികള്‍ വൈകുന്നതായാണ് ആക്ഷേപം.
നാറാണി-എള്ളുവിള ഭാഗത്തും പാലിയോട്ടിലും പരിസരപ്രദേശത്തും ചാമവിളയ്ക്ക് സമീപത്തുമാണ് മുമ്പ് പൈപ്പ് ലൈന്‍ പൊട്ടിയത്. ഒരിടത്തുള്ള തകരാറ് പരിഹരിക്കുമ്പോള്‍ മറ്റൊരിടത്ത് പൈപ്പ് പൊട്ടുന്നത് പണികള്‍ വൈകിപ്പിക്കാന്‍ ഇടയാക്കി. ഇക്കാരണത്താല്‍ ഈ പ്രദേശങ്ങളില്‍ റോഡിലൂടെ കുടിവെള്ളം തോടിന് സമാനമായി ഒഴുകി. അരുവിയോട് പാലത്തിലൂടെ വെള്ളം ഒഴുകുന്നത് പാലത്തിന്റെ ബലക്ഷയത്തിന് ഇടയാക്കുമെന്നും പരിസരവാസികള്‍ പറയുന്നു.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സമീപവീടുകളിലേക്കും കാല്‍നടക്കാരുടെ ദേഹത്തും വെള്ളം തെറിക്കുന്നതും ഏറേ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇടയ്ക്കിടെ കുഴലുകള്‍ പൊട്ടുന്നത് കുന്നത്തുകാല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
നബാര്‍ഡിന്റെ സഹായത്തോടെ 18 കോടി രൂപ ചെലവഴിച്ച് കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തില്‍ ആരംഭിച്ച പുതിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ഈ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സമീപ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളിലെയും ജലവിതരണം ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. ജല അതോറിറ്റിക്കാണ് നടത്തിപ്പ് ചുമതല.
പെരുങ്കടവിള പഴമലയാറ്റില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം മണവാരിയിലെ കടല്‍കാണികുന്നിലെ ശുചീകരണപ്ലാന്റില്‍ ശേഖരിക്കും. അവിടെനിന്ന് കോട്ടുകോണത്തെ സംഭരണിയില്‍ എത്തിച്ചാണ് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യേണ്ടത്. എന്നാല്‍ കോട്ടുകോണത്തെ സംഭരണി നിര്‍മാണം ഇതേവരെ തുടങ്ങിയിട്ടില്ല. ഇത് കുടിവെള്ളവിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
നിലവില്‍ മണവാരിയിലെ പ്ലാന്റില്‍ നിന്ന് നേരിട്ടാണ് ജലവിതരണം നടക്കുന്നത്. ഉയര്‍ന്ന സമ്മര്‍ദത്തിലൂടെയുള്ള പമ്പിങ്ങിലൂടെ മാത്രമേ വെള്ളം എല്ലായിടത്തും എത്തിക്കാന്‍ കഴിയൂ. എന്നാല്‍ ഇക്കാരണത്താലാണ് പൈപ്പുകള്‍ പൊട്ടുന്നതെന്ന വാദമാണ് അധികൃതര്‍ക്ക്.
ജല വിതരണത്തിനായി നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചതാണ് പൊട്ടലുകള്‍ക്ക് കാരണമെന്നും തകരാറ് അറിയിക്കുമ്പോള്‍ അധികൃതരും കരാറുകാരനും തമ്മിലുള്ള പഴിചാരലാണ് പണികള്‍ വൈകിപ്പിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

More Citizen News - Thiruvananthapuram