തീവണ്ടി സ്റ്റോപ്പിനായി നവസാരിക്കാരുടെ കാത്തിരിപ്പ് നീളുന്നു സജീവ് സി. നായര്‍

Posted on: 07 Sep 2015നവസാരി : കേരളത്തിലെ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന നവസാരി മലയാളികളുടെ ആവശ്യത്തിന് പഴക്കമേറെയുണ്ടെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുന്നില്ല. ഇപ്പോള്‍ ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്.
ഗുജറാത്തില്‍നിന്ന് നാട്ടിലേക്ക് നിത്യേന തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ജില്ല ആസ്ഥാനവും കാര്‍ഷിക സര്‍വകലാശാല ആസ്ഥാനവും ആയ നവസാരിയില്‍ രണ്ടു തീവണ്ടികള്‍ക്ക് മാത്രമാണ് സ്റ്റോപ്പ്. അതില്‍ ഒന്ന് തെക്കന്‍ കേരളത്തിലെ മലയാളികള്‍ക്ക് ഉപകാരമേ ഇല്ലാത്ത ഓഖ എറണാകുളം എക്‌സ്​പ്രസ്സ് ട്രെയിനാണ്.
പണ്ട് മലയാളികളുടെ പ്രതാപം നിലനിന്നിരുന്ന നവസാരിയില്‍ മലയാളി കൂട്ടായ്മയുടെ പ്രയത്‌ന ഫലമായി ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് ഓടിക്കൊണ്ടിരുന്ന മൂന്നു തീവണ്ടികളില്‍ രണ്ടെണ്ണത്തിനും സ്റ്റോപ്പ് നേടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് കൂട്ടായ്മ ശിഥിലമായി. മലയാളികള്‍ ഉണ്ടായിട്ടും ഗുജറാത്തിലെ മലയാളികള്‍ക്ക് സംഘടന ഇല്ലാത്ത ജില്ലയായി ഇത് മാറി.
കൂണുകള്‍പോലെ മലയാളി സംഘടനകള്‍ മുളച്ചു പൊന്തിയിട്ടും ഇവിടെ സംഘടന കെട്ടിപ്പടുക്കാന്‍ കഴിയാതിരുന്നതാണ് റെയില്‍വേയുടെ ഈ അവഗണനയ്ക്ക് കാരണമെന്ന തിരിച്ചറിവില്‍നിന്നാണ് അടുത്തിടെ മലയാളി സമാജം രൂപവത്കരിക്കാന്‍ ഇവിടത്തുകാര്‍ ഇറങ്ങിത്തിരിച്ചത്. മലയാളിയായ കളക്ടര്‍ കൂടിവന്നതോടെ നവസാരിക്കാര്‍ക്ക് മലയാളി ഐക്യത്തിന്റെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്തു. തീവണ്ടി സ്റ്റോപ്പിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും കളക്ടര്‍ രമ്യ മോഹന്‍ വാഗ്ദാനം ചെയ്തത് മലയാളികള്‍ക്കിടയില്‍ പ്രതീക്ഷയേകുന്നു.
സൂറത്ത് മുതല്‍ വസായ് റോഡ് വരെ സ്റ്റോപ്പില്ലാത്ത പോര്‍ബന്തര്‍-കൊച്ചുവേളി , ഭവനഗര്‍-കൊച്ചുവേളി , ദാഹാനുവില്‍ പോലും സ്റ്റോപ്പ് അനുവദിച്ച നിസാമുദീന്‍-തിരുവനന്തപുരം, ഗാന്ധിധാം-നാഗര്‍കോവില്‍, മരുസാഗര്‍ എക്‌സ്​പ്രസ്സ്, ബിക്കാനീര്‍ എക്‌സ്​പ്രസ്സ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് നവസാരി മലയാളികളുടെ ആവശ്യം.
നിലവില്‍ സൂറത്ത്, വല്‍സാഡ് സ്റ്റേഷനുകളെ ആശ്രയിക്കുന്ന നവസാരി മലയാളികള്‍ക്ക് വേനലവധിയിലും, ക്രിസ്മസ് അവധിക്കാലത്തും, മറ്റു വിശേഷ അവസരങ്ങളിലും നാട്ടിലേക്കുള്ള പോക്ക് സ്വപ്‌നമായി മാറിയിരിക്കുകയാണ്. മലയാളികള്‍ ഏറെ ഉണ്ടായിട്ടും സംഘടിത ശക്തി ആകാതിരുന്നതിന്റെ നഷ്ടം തിരിച്ചറിഞ്ഞ നവസാരി മലയാളികള്‍ ട്രയിന്‍സ്റ്റോപ്പിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന തീരുമാനത്തിലാണ് ഇപ്പോള്‍. മലയാളി കൂട്ടായ്മയുടെ ശക്തിയിലൂടെ അധികാരികളുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നവസാരി മലയാളികള്‍.

More Citizen News - Thiruvananthapuram