അനന്തപുരിയില്‍ മാറിക്കൊണ്ടിരിക്കുന്ന സ്ഥലനാമങ്ങള്‍

Posted on: 07 Sep 2015നന്തന്‍കോടിന് സമീപമുള്ള 'നളന്ദ' എന്ന സ്ഥലം ഇന്ന് അറിയപ്പെടുന്നത് വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ എന്നാണ്. പല ഓഫീസുകളുടെയും സമുച്ചയമാണ് പുതിയതായി നിര്‍മിച്ച വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍. എന്നാല്‍ അതിനുമുമ്പ് നിര്‍മിച്ച പുരാരേഖാ ഓഫീസും നൂറ്റാണ്ട് പഴക്കമുള്ള 'നളന്ദ' എന്ന മനോഹരമായ കെട്ടിടവും അവിടെ ഉണ്ട്.

നളന്ദയിലാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിനും സ്ഥലത്തിനും ചരിത്ര പഴമ ഏറെയാണ്. മുമ്പ് സായിപ്പന്മാര്‍ താമസിച്ചിരുന്ന കെട്ടിടമാണ് നളന്ദ. അന്ന് ഒരു കുന്നിന്‍ പ്രദേശമായിരുന്നു ഇവിടം. ധാരാളം മഞ്ചാടി മരങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. പ്രകൃതി സ്‌നേഹികളായ സായിപ്പന്മാര്‍ സ്‌കോട്ടിഷ് ഭാഷയില്‍ ഈ സ്ഥലത്തിന് ചുവന്നമണ്ണ് എന്ന അര്‍ഥം വരുന്ന 'റെഡേഷിയര്‍' എന്ന പേര് നല്‍കി. അവിടെത്തെ കെട്ടിടം മാത്രമല്ല, ആ പ്രദേശവും റെഡേഷിയര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആണ് ഈ കെട്ടിടവും പ്രദേശവും 'നളന്ദ' എന്നറിയപ്പെടാന്‍ തുടങ്ങിയത്. അതിനു കാരണം ഉണ്ട്. വിദ്യാഭ്യാസ വിചഷണനായ ഡോ. വി.കെ.നന്ദന്‍മേനോനെ (മുന്‍ കേന്ദ്രമന്ത്രി ലക്ഷ്മി എന്‍. മേനോന്റെ ഭര്‍ത്താവ്) തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി തിരു-കൊച്ചി സര്‍ക്കാര്‍ നിയമിച്ചു. അദ്ദേഹം താമസിച്ചതോടെയാണ് മന്ദിരത്തിന് 'നളന്ദ' എന്ന പേര് നല്‍കിയത്. അതോടെ ആ പ്രദേശം നളന്ദ എന്നറിയപ്പെട്ടു. ഇപ്പോള്‍ നളന്ദയേക്കാള്‍ ഇവിടം അറിയപ്പെടുന്നത് വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ എന്നാണ്. എങ്കിലും പഴമക്കാര്‍ക്ക് നളന്ദ എന്ന് പറഞ്ഞാലേ അറിയൂ.

ഓരോ കാലഘട്ടത്തിലും അനന്തപുരിയിലെ പല സ്ഥലങ്ങള്‍ക്കും പേരുകള്‍ മാറിമാറി വന്നിട്ടുണ്ട്. ചില പേരുകള്‍ തെറ്റിച്ച് എഴുതുന്നതുകാരണം ചില വിഷമങ്ങളും നാട്ടുകാര്‍ അനുഭവിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് നളന്ദയുടെ താഴ്ഭാഗത്തുള്ള 'ചാരാച്ചിറ'. അവിടെ ഒരു കുളം ഉണ്ട്. അതില്‍ നിന്നാണ് ആ പേര് ലഭിച്ചത്. എന്നാല്‍ ഏതോ രേഖയില്‍ അത് 'ചാരായചിറ' എന്ന് രേഖപ്പെടുത്തി. ഇതോടെ ആ പേര് കുറെക്കാലം നിലനിന്നു. ഇപ്പോള്‍ അത് തിരുത്തിയിട്ടുണ്ട്. അതുപോലെ തന്നെ കുന്നുകുഴിയിലെ ബാര്‍ട്ടണ്‍ഹില്‍. തിരുവിതാംകൂറിലെ ആദ്യത്തെ ചീഫ് എന്‍ജിനിയറായിരുന്ന വില്യം ബാര്‍ട്ടണ്‍ താമസിച്ചിരുന്നത് ഈ കുന്നിലാണ്. അതുകൊണ്ടാണ് ബാര്‍ട്ടണ്‍ഹില്‍ എന്ന പേര് ഉണ്ടായത്. എന്നാല്‍ പില്‍ക്കാലത്ത് അത് 'ഗുണ്ടുകാട്' എന്നറിയപ്പെട്ടു.

നഗരത്തില്‍ സമയം അറിയിക്കാന്‍ പട്ടാളക്കാര്‍ ഗുണ്ട് ശബ്ദം (പീരങ്കി ശബ്ദം) പുറപ്പെടുവിച്ചിരുന്നതുകൊണ്ടാണ് ആ പേര് വന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ അവിടം 'പേപ്പട്ടിക്കുന്ന്' എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഡോ. സി.ഒ.കരുണാകരന്റെ നേതൃത്വത്തില്‍ പേപ്പട്ടിചികിത്സയ്ക്കുള്ള മരുന്ന് ഗവേഷണം ഇവിടെ നടന്നതിനാലാണ് ആ പേര് വന്നത്. ഇപ്പോള്‍ ബാര്‍ട്ടണ്‍ ഹില്‍ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. വില്യം ബാര്‍ട്ടന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച ചീഫ് എന്‍ജിനിയര്‍ ഓഫീസാണ് ഇന്നത്തെ പി.എം.ജി. (പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ്). കുറെക്കാലം 'ചീഫ് എന്‍ജിനിയര്‍ ഓഫീസ് ജങ്ഷന്‍' ആയിരുന്നു ഇവിടം. പിന്നീട് തിരുവിതാംകൂര്‍ സര്‍വകലാശാല കേരളത്തിലെ ആദ്യത്തെ എന്‍ജിനിയറിങ് കോളേജ് ഇവിടെ തുടങ്ങിയതോടെ അവിടം 'എന്‍ജിനിയറിങ് കോളേജ് ജങ്ഷന്‍' ആയി. ഇപ്പോള്‍ പി.എം.ജി. ഓഫീസ് ജങ്ഷന്‍ ആണ്.

അനന്തപുരിയിലെ സ്ഥലനാമങ്ങളുടെ പരിണാമം രസകരമാണ്. പല സ്ഥലനാമങ്ങളും മാറിക്കൊണ്ടിരിക്കുന്നു. കരമന ആറ്റിലേക്കും കിള്ളിയാറ്റിലേക്കും വെള്ളം എത്തിക്കാന്‍ മടകള്‍ (ചാലുകള്‍) മുമ്പ് ഉണ്ടായിരുന്നു. ഈ മടകള്‍ പിന്നീട് സ്ഥലപ്പേര് ആയി മാറി. മാത്രവുമല്ല വില്ലേജുകളുടെ പേര് അതായി. അതില്‍ ചില പേരുകളാണ് 'രണ്ടാമട', 'അഞ്ചാമട', 'ആറാമട' വിേേല്ലജാഫീസുകള്‍. പഴമക്കാര്‍ക്ക് ഇന്നും ആ പേരേ അറിയൂ. ഇന്ന് രണ്ടാമട 'പേരൂര്‍ക്കടയും' അഞ്ചാമട 'ശാസ്തമംഗലവും' ആറാമട 'തിരുമലയും' വിേേല്ലജാഫീസുകളായി മാറി. അതേപോലെ മുമ്പ് പഴമക്കാര്‍ വിളിച്ചിരുന്ന ചെങ്ങഴശ്ശേരി ഇന്ന് 'തൈക്കാട്', മടത്തുവിളാകം ഇന്ന് 'പട്ടം' വില്ലേജുകളാണ്. മുമ്പ് അറിയപ്പെട്ടിരുന്ന ചെട്ടിവിളാകം വില്ലേജാണ് ഇപ്പോഴത്തെ 'കുടപ്പനക്കുന്ന്'.കാലം മാറും; ഒപ്പം സ്ഥലങ്ങളുടെ പേരുകളും മാറിക്കൊണ്ടിരിക്കും.

More Citizen News - Thiruvananthapuram