ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

Posted on: 06 Sep 2015കാട്ടാക്കട : ശ്രീകൃഷ്ണജയന്തിയില്‍ ബാലഗോകുലം കാട്ടാക്കട താലൂക്കില്‍ ശോഭായാത്രകള്‍ നടത്തി. ശനിയാഴ്ച വൈകീട്ട് കോരിച്ചൊരിഞ്ഞ മഴയെ കൂസാതെയായിരുന്നു ശോഭാ യാത്രകള്‍. ശ്രീകൃഷ്ണ, ഗോപിക വേഷം ധരിച്ചെത്തിയ കുട്ടികളും ദേവീ ദേവന്‍മാരുടെ ഫ്‌ലോട്ടുകളും ആകര്‍ഷകമായി. ചെണ്ടമേളവും പഞ്ചവാദ്യവും
യാത്രകള്‍ക്ക് കൊഴുപ്പേകി. കേരളീയ വേഷത്തില്‍ മുത്തുക്കുടയേന്തി നിരവധി സ്ത്രീകളും അണിനിരന്നിരുന്നു.
കാട്ടാക്കട, കിള്ളി മണ്ഡലങ്ങളിലെ ശോഭായാത്രകള്‍ മൈലാടി തമ്പുരാന്‍, അഞ്ചുതെങ്ങിന്‍മൂട് യോഗീശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് പെരുംകുളത്തൂര്‍
ശ്രീകൃഷ്ണക്ഷേത്രത്തിലും, പൂവച്ചലില്‍ പേഴുംമൂട് നിന്നും തുടങ്ങി പുളിങ്കോട് ഭദ്രകാളിദേവി ക്ഷേത്രത്തിലും സമാപിച്ചു. കുറ്റിച്ചല്‍, കൊണ്ണിയൂര്‍, വീരണകാവ്, കള്ളിക്കാട്, മംഗലക്കല്‍, മണ്ഡപത്തിന്‍ കടവ് എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു. ശോഭായാത്രകളുടെ മുന്നോടിയായി കാട്ടാക്കടയില്‍ ബാലഗോകുലം താലൂക്ക് കമ്മിറ്റി സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ബാല ഗോകുലം സംസ്ഥാന സമിതി അംഗം നാരായണ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. എല്‍. മണികണ്ഠന്‍, ജയകുമാര്‍, രാജീവ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരെയും സാംസ്‌കാരിക പരീക്ഷയില്‍ വിജയിച്ച കുട്ടികളെയും ആദരിച്ചു.

More Citizen News - Thiruvananthapuram