പാചകവാതകം മറിച്ചുവില്പന വ്യാപകമെന്നാരോപണം

Posted on: 06 Sep 2015

ആറ്റിങ്ങല്‍:
പാചകവാതകവിതരണത്തില്‍ കൃത്രിമങ്ങള്‍ കാട്ടി സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നത് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ വ്യാപകമെന്നാരോപണം. അനധികൃത റീഫില്ലിങ് കേന്ദ്രങ്ങളും സജീവമാണ്. എന്നാല്‍ പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ കൂട്ടാക്കുന്നില്ല. ഓണക്കാലത്ത് പാചകവാതകത്തിന് കൃത്രിമക്ഷാമമുണ്ടാക്കി വിതരണത്തിന്റെ ക്രമം അട്ടിമറിച്ചിരുന്നു. ഓണം കഴിഞ്ഞിട്ടും ഇത് തുടരുന്നതായാണ് ജനം ചൂണ്ടിക്കാട്ടുന്നത്.
സിലിണ്ടര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് പാചകവാതകം കിട്ടാത്തപ്പോള്‍ കരിഞ്ചന്തയില്‍ വന്‍വിലക്ക് പാചകവാതകം സുലഭമാണെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കല്ലമ്പലം, വര്‍ക്കല മേഖലകളിലാണ് പരാതി രൂക്ഷമായിട്ടുള്ളത്.
ആറ്റിങ്ങലില്‍ ചിലകേന്ദ്രങ്ങളില്‍ കരിഞ്ചന്തയില്‍ പാചകവാതകം സുലഭമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പാചകവാതകം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരില്‍ ചിലരുടെ മൊബൈല്‍ നമ്പരിലേക്ക് വാതകം വിതരണംചെയ്തതായി സന്ദേശമെത്തുകയും അക്കൗണ്ടില്‍ സബ്‌സ്ഡി ലഭ്യമാവുകയും ചെയ്യുന്നുണ്ട്. വാതകം ബുക്ക് ചെയ്യാത്തവരുടെ അക്കൗണ്ടുകളിലേക്കും ഇങ്ങനെ സബ്‌സിഡിതുക ലഭ്യമാകുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നാട്ടുകാര്‍ ഏജന്‍സിയില്‍ അന്വേഷിക്കുമ്പോള്‍ കൃത്യമായി ഉത്തരം ലഭിക്കാറില്ലെന്ന് പറയപ്പെടുന്നു. ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും വന്‍കിട റിസോര്‍ട്ടുകള്‍ക്കുംവരെ ഗാര്‍ഹിക സിലിണ്ടറുകള്‍ മറിച്ചു വില്‍ക്കുന്നതായാണ് ആക്ഷേപം.
ഓണ്‍ലൈന്‍വഴി ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ കരിഞ്ചന്ത കുറയ്ക്കാന്‍ നടത്തിയ സര്‍ക്കാര്‍ ശ്രമത്തെ അട്ടിമറിക്കുന്ന കാഴ്ചയാണ് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ നടക്കുന്നത്.
ഗാര്‍ഹിക സിലിണ്ടറുകളില്‍ നിന്ന് ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറുകളിലേക്ക് പാചകവാതകം നിറച്ചുനല്കുന്ന കേന്ദ്രങ്ങള്‍ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ സജീവമാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ചിലര്‍ ഇപ്രകാരം പാചകവാതകസിലിണ്ടര്‍ മാറ്റി നല്‍കുന്നത്.

More Citizen News - Thiruvananthapuram