കാഴ്ചവസ്തുവായി ചിറയിന്‍കീഴിലെ ആധുനിക ചന്ത

Posted on: 06 Sep 2015ഉദ്ഘാടനത്തിനായി തുറന്നു; പിന്നെ അടച്ചു


ചിറയിന്‍കീഴ്: വലിയകടയിലെ ആധുനിക മത്സ്യച്ചന്ത ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ കാഴ്ചവസ്തുവായി മാറുന്നു. ആഘോഷത്തോടെ ഒരുമാസം മുമ്പ് ഉദ്ഘാടനം നടത്തിയ കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്. ജൂലായ് 20നായിരുന്നു ഉദ്ഘാടനം. ചടങ്ങിനായി തുറന്ന കെട്ടിടം അന്ന് വൈകീട്ടോടെ പൂട്ടിയതാതാണ്. ലേല നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് ചന്ത തുറന്ന് കൊടുക്കാത്തതിന് കാരണമെന്നാണ് അധികൃതരുടെ വാദം. ആധുനിക സൗകര്യങ്ങളോടെ ആണ് വലിയകടയില്‍ മത്സ്യ ചന്തതുറന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ രണ്ട് കോടിയോളം രൂപ ചെലവിട്ട് 461.66 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ഇരുനില കെട്ടിടത്തിനകത്ത് ചന്ത നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ സിങ്ക്, െഡ്രയിന്‍ സംവിധാനങ്ങളോടെ 34 മത്സ്യവിപണന സ്റ്റാളുകള്‍ ഉണ്ട്. മുകളില്‍ ഉണക്കമീന്‍ വില്‍പ്പന മുറി, ഓഫീസ്, സ്റ്റോര്‍ എന്നിവയാണ്. ഫ്‌ളേക്ക് ഐസ് യൂണിറ്റ്, ചില്‍ഡ് റൂം, മലിനജല സംസ്‌കരണ യൂണിറ്റ് എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നേരത്തെ മത്സ്യത്തൊഴിലാളികളുള്‍പ്പടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചാണ് പഴയ മാര്‍ക്കറ്റ് ഇരുന്ന സ്ഥലത്ത് അത് പൊളിച്ച് പുതിയത് പണിതത്. ആധുനിക ചന്ത വന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ കച്ചവടം നടത്താമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതോടെ നേരത്തെ ചന്തയ്ക്കകത്ത് കച്ചവടം നടത്തിയിരുന്നവര്‍ പുറത്തെ നിരത്തിലിരുന്ന് കച്ചവടം തുടങ്ങി.
വലിയകടയില്‍ ഏറേ തിരക്കേറിയ റോഡരികിലാണ് ഇപ്പോഴും ചന്ത പ്രവര്‍ത്തിക്കുന്നത്. വന്‍ ഗതാഗതക്കുരുക്കിന് ഇവിടത്തെ ചന്ത കാരണമാകുന്നുണ്ട്. സാധനങ്ങള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും നിരത്തിലാണ് നില്‍ക്കുന്നത്. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതി ശക്തമാണ്. മാര്‍ക്കറ്റ് തുടങ്ങി റോഡരികിലെ കച്ചവടം ആധുനിക ചന്തയിലേക്ക് മാറുന്നതോടെ ഗതാഗതക്കുരുക്ക് നീങ്ങുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. മുന്നില്‍ നല്ല ചന്തയുള്ളപ്പോള്‍ റോഡില്‍ കച്ചവടം നടത്തേണ്ട ഗതികേടിലാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍.

More Citizen News - Thiruvananthapuram