കൃഷ്ണലീലകളില്‍ നാടിന് അമ്പാടിച്ചന്തം

Posted on: 06 Sep 2015വെള്ളറട: ഗ്രാമവീഥികളെ അമ്പാടിമയമാക്കി നാടെങ്ങും ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നടന്നു. വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യമെന്ന സന്ദേശത്തോടെയാണ് വിവിധ ബാലഗോകുലങ്ങള്‍ ശോഭായാത്ര നടത്തിയത്. നൂറുകണക്കിന് കുട്ടികള്‍ ഉണ്ണികണ്ണന്റെയും, ഗോപികമാരുടെയും വേഷമണിഞ്ഞ് ശോഭായാത്രയ്ക്ക് പകിട്ടേകി. താലപ്പൊലിയും മുത്തുക്കുടയുമേന്തിയ ബാലികാബാലന്‍മാര്‍, പുരാണകഥാപാത്ര വേഷധാരികള്‍, നിശ്ചലദൃശ്യങ്ങള്‍, വിവിധവാദ്യമേളങ്ങള്‍, ഭജനസംഘങ്ങള്‍ തുടങ്ങിയവയും ശോഭായാത്രയില്‍ അണിനിരന്നു.
ബാലഗോകുലം വെള്ളറട, കിളിയുര്‍, ചെറിയകൊല്ല മണ്ഡലങ്ങളിലെ ശോഭായാത്രകള്‍ നെല്ലിശ്ശേരി ഭഗവതിക്ഷേത്രം, കിളിയൂര്‍ സുബ്രമണ്യന്‍ക്ഷേത്രം, പനച്ചമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് തുടങ്ങി വെള്ളറട ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ചൂണ്ടിക്കല്‍ ഭദ്രകാളിദേവിക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം സ്വാഗതസംഘം രക്ഷാധികാരി കേശവന്‍കുട്ട'ി ഉദ്ഘാടനം ചെയ്തു.
കാരക്കോണം മണ്ഡലത്തിലെ ശോഭായാത്ര കന്നുമാമൂട് കരിവലക്കുഴി കാവില്‍ നിന്ന് തുടങ്ങി കുന്നത്തുകാല്‍ ചുറ്റി മാണിനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. മണവാരിയിലെ ശോഭായാത്ര ആനാവൂര്‍ ഭദ്രകാളിക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് ആഴാകുളം ധര്‍മ്മശാസ്താക്ഷേത്രത്തിലും, ചെമ്പൂരിലെ ശോഭായാത്ര ചിലമ്പറ ദേവിക്ഷേത്രത്തില്‍ നിന്ന് തുടങ്ങി പുളിയറ ഭഗവതി ക്ഷേത്രത്തിലും സമാപിച്ചു. ഇടവാല്‍, ആര്യങ്കോട്, മൈലച്ചല്‍, കരിക്കറത്തല, മുക്കോലവിള, ഒറ്റശേഖരമംഗലം, വാളിയോട് എന്നീസ്ഥലങ്ങളില്‍ നിന്ന് ആരംഭിച്ച ആര്യങ്കോട് മണ്ഡലത്തിലെ ശോഭായാത്രകള്‍ ഒറ്റശേഖരമംഗലം ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി മഹാദേവര്‍ ക്ഷേത്രത്തില്‍ സമാപിച്ചു.
കുടപ്പനമൂടിലെ ശോഭായാത്ര നെട്ടയില്‍നിന്ന് തുടങ്ങി കോവില്ലൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും, അമ്പൂരിയിലേത് കന്നിത്തൂണ്‍മൂടില്‍ നിന്ന് ആരംഭിച്ച് ചാക്കപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിച്ചു. സമ്മേളനങ്ങളില്‍ വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനവും പ്രസാദവും വിതരണംചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി പതാകദിനം, വൃക്ഷപൂജ, ഉറിയടി, നദീവന്ദനം, ഗോപൂജ, ഗോപികാനൃത്തം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

More Citizen News - Thiruvananthapuram