പൂവാര്‍ പഞ്ചായത്തില്‍ തെരുവു വിളക്കുകള്‍ കത്തുന്നില്ല

Posted on: 06 Sep 2015പൂവാര്‍: തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ പൂവാര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഇരുട്ടില്‍. പഞ്ചായത്തിലെ ശുലംകുടി, പൂവാര്‍ പോസ്റ്റ് ഓഫീസ് ജങ്ഷന്‍, തെറ്റിക്കാട് ബണ്ട്, പൂവാര്‍ പാലം റോഡ്, പട്ടം ഇടവൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് ഇരുട്ടിലായിട്ടുള്ളത്. ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതവിളക്കുകളെല്ലാം തകരാറിലായിട്ട് മാസങ്ങളായി. എന്നിട്ടും മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പൂവാര്‍ പഞ്ചായത്ത് ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങിനല്‍കിയിട്ടും മാറ്റിസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് പ്രധാന പരാതി. പഞ്ചായത്ത് അംഗങ്ങള്‍ മാസങ്ങളോളം നടന്നിട്ടും ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ ജീവനക്കാരെ നിയോഗിക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് കെ.എസ്. ഇ.ബി. ചൂണ്ടിക്കാണിക്കുന്നത്. വിവിധ പ്രദേശങ്ങള്‍ ഇരുട്ടിലായതോടെ സന്ധ്യകഴിഞ്ഞാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നു. രാത്രികാലത്ത് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പൂവാര്‍ പാലം റോഡ് ഇരുട്ടിലായത് ഇവിടെ എത്തുന്ന സഞ്ചാരികളെയും വലയ്ക്കുന്നു. തെരുവ് വിളക്കുകള്‍ കത്താതായതോടെ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതായും പരാതിയുണ്ട്.

More Citizen News - Thiruvananthapuram