തെറ്റിയാര്‍ പരിശോധിക്കാനെത്തിയ കളക്ടറെ തടഞ്ഞ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Posted on: 06 Sep 2015കഴക്കൂട്ടം: തെറ്റിയാറിലെ കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും പരിശോധിക്കാനെത്തിയ കളക്ടര്‍ ബിജു പ്രഭാകറിനെ തടഞ്ഞ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തുമ്പ കോരാളംകുഴി മകത്തില്‍ കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറി മോഹന്‍ദാസ്(56) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ ബൈപ്പാസ് റോഡിലെ തെറ്റിയാര്‍ തോടിന്റെ ഭാഗം കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. മോഹന്‍ദാസ് കളക്ടറെ തടഞ്ഞുനിര്‍ത്തിയെന്നും മോശമായി സംസാരിച്ചു എന്നുമാണ് പരാതി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് തുമ്പ പോലീസ് കേസ് എടുത്തിട്ടുള്ളത്. മോഹന്‍ദാസിനെ റിമാന്‍ഡ് ചെയ്തു.
സംഭവസമയത്ത് കളക്ടറുടെ ഗണ്‍മാന്‍ മാത്രമാണുണ്ടായിരുന്നത്. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എ.സി. ജവഹര്‍ ജനാര്‍ദ്, സി.ഐ. ഷീന്‍ തറയില്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്.
തെറ്റിയാര്‍ തോടിന്റെ ചിലഭാഗത്ത് ബണ്ട് നിര്‍മ്മിക്കണമെന്ന് മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഇതിന് ശേഷം മുന്നോട്ട് പോയ കളക്ടറെ മോഹന്‍ദാസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നീട് മോശമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് കളക്ടര്‍ പോലീസിനെ വിളിച്ചുവരുത്തിയത്.

More Citizen News - Thiruvananthapuram