ആഘോഷമായി ശ്രീകൃഷ്ണഗാഥ

Posted on: 06 Sep 2015നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണജയന്തിദിനത്തില്‍ ഗ്രാമീണമേഖലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടത്തി. ശ്രീകൃഷ്ണ, രാധ വേഷമണിഞ്ഞ കുട്ടികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ബാലഗോകുലം നെയ്യാറ്റിന്‍കര നഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ ശോഭായാത്ര നടത്തി.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട ശോഭായാത്രകള്‍ ടി.ബി. കവലയില്‍ കേന്ദ്രീകരിച്ച ശേഷമാണ് ഒറ്റ ഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയില്‍ എത്തിയത്. അണിഞ്ഞൊരുങ്ങി എത്തിയ നൂറ് കണക്കിന് ഉണ്ണിക്കണ്ണന്മാരും രാധികമാരും അണിനിരന്നതായിരുന്നു ശോഭായാത്ര. കൂട്ടപ്പന, പെരുമ്പഴുതൂര്‍, വിഷ്ണുപുരം, അമരവിള, ഓലത്താന്നി, ആറാലുംമൂട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുള്ള ബാലഗോകുലം കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകളാണ് ടി.ബി. കവലയില്‍ ഒത്തുകൂടിയത്.
സാംസ്‌കാരിക സമ്മേളനം വിശ്വഭാരതി വി.വേലപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മേഖലാ കാര്യദര്‍ശി നെടുമങ്ങാട് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.ജയകുമാര്‍ അധ്യക്ഷനായി.
വി.ശിവശങ്കരപിള്ള, എസ്.എസ്.ശ്രീകേഷ്, കൊക്കോട് ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു. ശോഭായാത്രയ്ക്ക് മഞ്ചത്തല സുരേഷ്, വി.ഹരികുമാര്‍, പി.പ്രേംചന്ദ്രന്‍, പി.എസ്.വരുണ്‍, നാരായണന്‍ തമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram