തെറ്റിയാര്‍ നവീകരണം: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി

Posted on: 06 Sep 2015ടെക്‌നോപാര്‍ക്ക് 50 ലക്ഷം വാഗ്ദാനം ചെയ്തു


കഴക്കൂട്ടം:
തെറ്റിയാര്‍ തോടിന്റെ നവീകരണത്തിന്റെ ആദ്യഘട്ടമായി കളക്ടര്‍ ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. തെറ്റിയാര്‍ ആക്കുളം കായലില്‍ ചേരുന്ന ഭാഗം മുതല്‍ ടെക്‌നോപാര്‍ക്ക് വരെയുള്ള ഭാഗമാണ് റവന്യൂ ഇറിഗേഷന്‍ വകുപ്പ് ഉേദ്യാഗസ്ഥരടങ്ങുന്ന സംഘം പരിശോധിച്ചത്.
തെറ്റിയാര്‍ കൈയേറ്റത്തെക്കുറിച്ചും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനെക്കുറിച്ചും നിരവധി പരാതികളുണ്ടായിരുന്നു. തെറ്റിയാറിന്റെ ഒഴുക്ക് കുറഞ്ഞ് മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നത് നിരവധി വീടുകളില്‍ വെള്ളം കയറുന്നതിനും ഇടയാക്കുന്നുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ദുരന്തനിവാരണ പദ്ധതി പ്രകാരമാണ് തെറ്റിയാര്‍ സന്ദര്‍ശിക്കാന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. കഴക്കൂട്ടത്ത് നിന്നും ടെക്‌നോപാര്‍ക്കിനുള്ളിലൂടെ കടന്ന് കുളത്തൂര്‍ വഴി വേളി കായലില്‍ പതിക്കുന്ന തെറ്റിയാറിലെ പലഭാഗത്തും ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. മാലിന്യക്കൂമ്പാരങ്ങളും കൈയേറ്റങ്ങളുമാണ് പ്രധാന കാരണം. മരങ്ങള്‍ വളര്‍ന്നും മണ്ണ് അടിഞ്ഞും ചില ഭാഗങ്ങളില്‍ തെറ്റിയാര്‍ പൂര്‍ണമായും നികന്ന സ്ഥിതിയിലാണ്. ഇറിഗേഷന്‍ വകുപ്പാണ് ഇതു ശുചീകരിക്കേണ്ടത്. എന്നാല്‍ വേണ്ടത്ര തുകയില്ല എന്നാണ് ഇവരുടെ വാദം.
ടെക്‌നോപാര്‍ക്കിന്റെ ഒന്നാംഘട്ട കാമ്പസിനുള്ളിലൂടെ കടന്ന് കുഴിവിളയ്ക്ക് സമീപം ബൈപ്പാസിന് സമീപത്താണ് തെറ്റിയാര്‍ പുറത്തെത്തുന്നത്. ഈ ഭാഗവും കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു. ടെക്‌നോപാര്‍ക്കിന്റെ വിവിധഘട്ടങ്ങളിലായി തെറ്റിയാറിന്റെ കരകളില്‍ കെട്ടിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. ഗിരീഷ് ബാബുവും ഒപ്പമുണ്ടായിരുന്നു. തെറ്റിയാറിന്റെ നവീകരണത്തിന് ടെക്‌നോപാര്‍ക്കിന്റെ ഭാഗത്തുനിന്നുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ടെക്‌നോപാര്‍ക്കും കമ്പനികളും ചേര്‍ന്ന് തെറ്റിയാര്‍ പൂര്‍ണമായി നവീകരിക്കാന്‍ 50 ലക്ഷം രൂപ നല്‍കാനുള്ള സന്നദ്ധതയാണ് അറിയിച്ചത്.
കൗണ്‍സിലര്‍മാരായ ശോഭാ ശിവദത്ത്, ജോളി ഡേവിഡ് എന്നിവരും രാഷ്ട്രീയപ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ആറ്റിലേക്ക് പല സ്ഥലങ്ങളിലും മലിനജലം തുറന്നുവിട്ടിരിക്കുന്നത് നാട്ടുകാര്‍ പരിശോധനാസംഘത്തിന് കാണിച്ചുകൊടുത്തു. ഫ്ലറ്റുകള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുവരെ മാലിന്യങ്ങള്‍ ആറ്റിലേക്ക് തുറന്നുവിടുന്നുണ്ട്.
തെറ്റിയാര്‍ നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതി ഉടന്‍ തയാറാക്കുമെന്നും കളക്ടര്‍ അറിയിച്ചു. രാവിലെ ഏഴരയോടെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്.
കഴക്കൂട്ടത്തെ പ്രധാന തോടായ തെറ്റിയാറിന്റെ പലഭാഗത്തും കൈയേറ്റമുണ്ട്. എട്ട് വര്‍ഷം മുമ്പ് തോടിന്റെ ഭാഗങ്ങളിലെ കൈയേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി തുടങ്ങിയതാണ്. എന്നാല്‍ ഇത് പകുതിവഴിയില്‍ മുടങ്ങുകയായിരുന്നു.

More Citizen News - Thiruvananthapuram