ദേശീയപാത വികസനം അട്ടിമറിക്കാന്‍ ശ്രമം-വി.ശിവന്‍കുട്ടി

Posted on: 06 Sep 2015തിരുവനന്തപുരം: ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി കരമന- കളിയിക്കാവിള ദേശീയപാത വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി.യും ആര്‍.എസ്.എസ്സും സംഘപരിവാര്‍ സംഘടനകളും നടത്തുന്നതെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാപ്പനംകോട്ട് സ്ഥിതിചെയ്യുന്ന തൈക്കാപ്പള്ളി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാരില്‍നിന്നോ സ്വകാര്യവ്യക്തികളില്‍നിന്നോ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പി- ആര്‍.എസ്.എസ് സംഘടനകള്‍ എതിര്‍ത്തതോടെ ഈ നീക്കത്തില്‍ നിന്നും ജില്ലാഭരണകൂടം പിന്‍വാങ്ങി.

പാപ്പനംകോട്ടെ കെ.എസ്.ആര്‍.ടി.സി ഭൂമിയില്‍നിന്ന് പള്ളി സ്ഥാപിക്കാനുള്ള സ്ഥലം നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചിരുന്നതാണെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതിലും ദുരൂഹതയുണ്ട്.

പള്ളി മാറ്റിസ്ഥാപിക്കുന്നതിനായി അധികൃതര്‍ എവിടെ സ്ഥലം കണ്ടെത്തിയാലും ബോധപൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ അവിടെയെല്ലാം ബി.ജെ.പി - ആര്‍.എസ്.എസ് ,സംഘപരിവാര്‍ സംഘടനകള്‍ കൊടി നാട്ടുന്ന സ്ഥിതിയാണ്.

അതു തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ല. ദേശീയപാത വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് മുസ്ലിം ആരാധനാലയമാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

More Citizen News - Thiruvananthapuram